കൊട്ടാരക്കര: പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും വിധവകൾക്ക് അൻപതിനായിരം രൂപ ലഭിക്കുമെന്ന് പ്രചരണം. കൊട്ടാരക്കര മൈലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ ദിവസവും വന്ന് പോകുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് സ്ത്രീകൾ. ഇതിനായി 100 രൂപയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.
10 രൂപ അപേക്ഷ ഫോറത്തിനും അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിന് 20 രൂപ വേറെയും ഈടാക്കുന്നു. റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയും വാങ്ങുന്നു. കോപ്പി എടുത്തശേഷം അപേക്ഷാഫോം ഉൾപ്പെടെ തിരിച്ചുനൽകും. കേന്ദ്ര സർക്കാരിന്റെ ഔദ്യോദിക വെബ് സൈറ്റിലോ ദുരിതാശ്വാസ നിധിയുടെ നിർദേശങ്ങളിലോ ഇങ്ങനെ ഒരു ആനുകൂല്യത്തെ കുറിച്ച് പറയുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഒരു സർക്കാർ ഏജൻസികൾക്കും ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ല. വിധവകൾക്കും ചികിത്സാസഹായം ആവശ്യമുള്ളവർക്കും അമ്പതിനായിരം രൂപവരെ കിട്ടുമെന്നാണ് വാഗ്ദാനം. മൈലത്തുള്ള ഈ സ്വകാര്യ കംപ്യൂട്ടർ സെന്ററിൽ മാത്രമേ അപേക്ഷ സ്വീകരിക്കൂ എന്നും ഈ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഇത്തരത്തിൽ അൻപതിനായിരം രൂപ ലഭിച്ചുമെന്നുമാണ് പ്രചരണം അഴിച്ചു വിട്ടത്.
ഈ പ്രചരണം സ്ത്രീകൾക്കിടയിൽ വ്യാപകമായതോടെയാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരകണക്കിന് സ്ത്രീകൾ ഇവിടേക്ക് ഒഴുകിയെത്തിയത്. രാവിലെ ആറുമുതൽ സ്ത്രീകൾ ഈ സ്ഥാപനത്തിന്റെ മുന്നിൽ കാത്ത് നിൽക്കുകയും പലരും വരിയിൽ നിന്ന് തളർന്നു വീഴുകയും ചെയ്തു.
മൈലം ജംഗ്ഷനിൽ ഇത് മൂലം ഗതാഗത കുരുക്കും അനുഭവ പെടുന്നു. ഇതോടെനാട്ടുകാരും പരാതിയുമായി രംഗത്തെത്തി. പരാതി വ്യാപകമായതോടെ കൊട്ടാരക്കര ഡി.വൈഎസ്പി യുടെ നിർദേശ പ്രകാരം പോലീസെത്തി സെന്റർ അടച്ചു പൂട്ടാനും രേഖകളുമായി പോലീസ് സ്റ്റേഷനിൽ എത്താനും നടത്തിപ്പുകാർക്ക് നിർദേശം നൽകി.
മൂന്നു മാസത്തിലധികമായി ഈ തട്ടിപ്പു നടന്നു വരുന്നതായി നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിനു രൂപ സ്ത്രീകളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്.