വരാപ്പുഴ: മകന്റെ മുന്നിൽവച്ച് പിതാവിന്റെ കാൽ ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചതായി പരാതി. വരാപ്പുഴ ചിറയ്ക്കകം കടേപറമ്പിൽ പ്രവീൺ കുമാറിന്റെ ഇടതു കാലാണ് ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചത്. വരാപ്പുഴ തുണ്ടത്തുംക്കടവ് നടുവിലപറമ്പിൽ പെട്രോ(30)നെതിരേ വരാപ്പുഴ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വരാപ്പുഴ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിലാക്കാൻ പോകുന്നതിനിടെ സ്കൂൾ സമയത്ത് കടന്നു പോയ ടിപ്പറിന്റെ അമിതവേഗത പ്രവീൺ കുമാർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
വാക്കു തർക്കവും ഉന്തും തള്ളലുമുണ്ടായതോടെ നാട്ടുകാർ ഇടപെട്ടു ഇരുവരെയും പറഞ്ഞയക്കുകയായിരുന്നു. പിന്നീട് കുറച്ച് ദൂരം കഴിഞ്ഞ് ടിപ്പർ റോഡിന്റെ അരികിൽ നിർത്തിയിട്ടശേഷം ഡ്രൈവറായ പെട്രോ അതുവഴി വന്ന പ്രവീൺകുമാറിനെ തടഞ്ഞ് നിർത്തി. വീണ്ടും വാക്ക് തർക്കം രൂക്ഷമാകുകയും ടിപ്പറിലെ ജാക്കി ലിവർ ഉപയോഗിച്ച് പ്രവീൺ കുമാറിന്റെ ഇടതുകാലിൽ അടിക്കുകയുമായിരുന്നു.
അടിയുടെ ആഘാതത്തിൽ കൈ വിരലിനും പരിക്കുപറ്റി. സംഭവം നടന്നയുടൻ ഡ്രൈവർ ടിപ്പറുമായി കടന്ന് കളഞ്ഞു. പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന മകനും ചെറിയ തോതിൽ പരിക്ക് പറ്റിയിരുന്നു. മകനാണ് ഫോണിലൂടെ ബന്ധുക്കളെ വിവരം അറിയിച്ചത്.പ്രവീൺകുമാറിനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.