സെബി മാത്യു
ന്യൂഡൽഹി: ഒരുക്കങ്ങൾ എല്ലാം പൂർത്തിയായാൽ 2022 സ്വാതന്ത്ര്യദിനത്തിൽ ബഹിരാകാശത്തേക്കു കുതിക്കുന്ന മൂന്ന് ഇന്ത്യക്കാർ താഴേക്കു നോക്കി, ഭൂമിയിൽ ഇന്ത്യയെന്ന നക്ഷത്രത്തെ അഭിമാനതാരമായി അടയാളപ്പെടുത്തും. അതിനു പിന്നാലെ മറ്റൊരു സുപ്രധാന ആകാശക്കുതിപ്പിലൂടെ ഇന്ത്യ ബഹിരാകാശത്ത് സ്വന്തം നിലയവും സ്ഥാപിക്കും. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ ഇന്നലെ വ്യക്തമാക്കി.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായാണ് ബഹിരാകാശ നിലയം നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന് 20 ടണ് ഭാരം ഉണ്ടായിരിക്കും.ബഹിരാകാശ പര്യവേഷകർക്ക് 15 മുതൽ 20 ദിവസം വരെ താമസിക്കാവുന്ന രീതിയിലാണ് ഇതു തയാറാക്കുന്നത്. ഗഗൻയാൻ പദ്ധതിക്കു പിന്നാലെ അഞ്ചുവർഷം മുതൽ ഏഴു വർഷം വരെ ഇതിനായെടുക്കുമെന്നും ഡോ. ശിവൻ പറഞ്ഞു.
മനുഷ്യരെ അയയ്ക്കും
2022 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുമെന്ന് ഐഎസ്ആർഒയുടെ നാലു സുപ്രധാന ദൗത്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ വിശദാംശങ്ങൾ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും ഐഎസ്ആർഒ ഡയറക്ടർ ഡോ.കെ. ശിവനും പങ്കെടുത്ത പത്ര സമ്മേളനത്തിൽ വിശദീകരിച്ചു.
ആദ്യ ഗഗൻയാൻ ദൗത്യത്തിൽ രണ്ടോ മൂന്നോ പേരെയായിരിക്കും ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ ശ്രമിക്കുക. പതിനായിരം കോടി രൂപ മുതൽ മുടക്കാണ് പദ്ധതിക്കായി ഉദ്ദേശിക്കുന്നത്. ഗഗൻയാൻ ദേശീയ ഉപദേശക കൗണ്സിലിനായിരിക്കും പദ്ധതിയുടെ മേൽനോട്ട ചുമതല. ഇന്ത്യയിൽ തന്നെ ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം നൽകുമെന്നും വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.
ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം അടുത്ത മാസം പതിനഞ്ചോടെ ഉണ്ടാകുമെന്ന അറിയിപ്പിനു തൊട്ടുപിന്നാലെയാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ ആദിത്യ മിഷൻ, വീനസ് മിഷൻ എന്നിവയാണ് ഐഎസ്ആർഒയുടെ മറ്റു രണ്ടു പ്രധാന പദ്ധതികൾ.
അടുത്ത മാസത്തിനുള്ളിൽ ബഹിരാകാശ യാത്രികരെ ശാസ്ത്രജ്ഞർ തെരഞ്ഞെടുക്കും. ഐഎസ്ആർഒ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രികരെ തെരഞ്ഞെടുക്കുന്നത്. വീനസ് മിഷൻ ശുക്രനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യവും ആദിത്യ മിഷൻ സൂര്യനെക്കുറിച്ചുപഠിക്കാനുള്ള ദൗത്യവുമാണ് നിറവേറ്റുക. 2022- ഓടെ ശാസ്ത്രസാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്.
വ്യോമോനട്ടുകൾ
രാജ്യത്തിന്റെ യശസ് ഭ്രമണപഥത്തിന് അപ്പുറത്തേക്ക് ഉയർത്താൻ വ്യോമോനട്ടുകൾ എന്ന പേരിൽ മൂന്ന് ഇന്ത്യക്കാർ ആയിരിക്കും 2022ൽ ബഹിരാകാശത്തേക്കു കുതിക്കുന്നത്. പദ്ധതി വിജയിക്കുന്നതോടെ മൂന്ന് ഇന്ത്യക്കാർ ഏഴു ദിവസം ബഹിരാകാശത്തു താമസിച്ചു മടങ്ങി വരും.
പതിനായിരം കോടി രൂപയുടെ ഗഗൻയാൻ ബഹിരാകാശ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ബഹിരാകാശത്ത് സ്വതന്ത്രമായി മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഒരുക്കങ്ങൾ വർഷങ്ങളായി നടക്കുന്നുവെങ്കിലും കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്.
കരുത്തൻ റോക്കറ്റ്
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ജിയോസിങ്ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (ജിഎസ്എൽവി എംകെ മൂന്ന്) മൂന്നു ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള പേടകവുമായി വിക്ഷേപിക്കാനാകുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.
ഗഗൻയാൻ പദ്ധതിക്കുള്ള സാങ്കേതിക സഹായങ്ങൾക്കായി ഇന്ത്യ റഷ്യയുമായും ഫ്രാൻസുമായും കരാറുകളിൽ ഒപ്പു വെച്ചിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികളെ ഇംഗ്ളീഷിൽ ആസ്ട്രോനട്ട്സ് എന്നു വിശേഷിപ്പിക്കുന്പോൾ ഇന്ത്യ അതിൽ സംസ്കൃതം കൂടി ചേർത്ത് ‘വ്യോമോനട്ട്സ്’ എന്നായിരിക്കും പേരു നൽകുക.
വിക്ഷേപണത്തിനുശേഷം ജിഎസ്എൽവി എംകെ-3റോക്കറ്റിലേറി കുതിക്കുന്ന ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് 300-400 കിലോമീറ്റർ അകലെ വേർപെടും. റോക്കറ്റ് ഭ്രമണപഥത്തിലെത്തി പതിനാറ് മിനിറ്റിനു ശേഷമാണ് പേടകം വേർപെടുക. തിരിച്ചുള്ള യാത്രയിൽ ഗുജറാത്ത് തീരത്ത് അറേബ്യൻ കടലിലോ ബംഗാൾ ഉൾക്കടലിലോ തീരത്തോ ആകും ബഹിരാകാശ പേടകം പതിക്കുക.