ന്യൂഡൽഹി: ഇന്ത്യ ശാന്തിയും സമാധാനവും പുലരുന്ന രാജ്യമാണെന്ന അവകാശവാദം അത്ര ശരിയല്ലെന്നു റിപ്പോർട്ട്. ലോക സമാധാന സൂചികയിൽ 163 രാജ്യങ്ങളിൽ ഇന്ത്യക്ക് 141-ാം സ്ഥാനമാണുള്ളത്. 2018ൽ ഇന്ത്യ 136-ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാൻ 153-ാം സ്ഥാനത്താണ്. ബംഗ്ലാദേശും ഭൂട്ടാനും ഇന്ത്യയേക്കാൾ സമാധാനമുള്ള രാജ്യങ്ങളാണെന്നതാണു ശ്രദ്ധേയം. ഓസ്ട്രേലിയൻ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ്(ഐഇപി)യാണു റിപ്പോർട്ട് പുറത്തുവിട്ടത്.
ഐസ്ലാൻഡ് ആണ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം. 2008 മുതൽ ഐസ്ലാൻഡ് ഒന്നാംസ്ഥാനത്താണ്. ന്യൂസിലൻഡ്, ഓസ്ട്രിയ, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിറകിലുള്ള രാജ്യം. കഴിഞ്ഞവർഷം സിറിയ ആയിരുന്നു ഏറ്റവും അവസാന സ്ഥാനത്ത്. ഇത്തവണ സിറിയ 162-ാം സ്ഥാനത്താണ്.
സൗത്ത് സുഡാൻ, യെമൻ, ഇറാക്ക് എന്നിവയാണ് സമാധാനാന്തരീക്ഷം തീരെയില്ലാത്ത മറ്റു രാജ്യങ്ങൾ. സാമൂഹ്യസുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്രസംഘർഷം, സൈനികവത്കരണം എന്നിവ കണക്കിലെടുത്താണ് സമാധാനമുള്ള രാജ്യത്തെ തെരഞ്ഞെടുക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഭൂട്ടാനാണ് (15-ാം റാങ്ക്) ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക(72), ബംഗ്ലാദേശ് (101) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളുടെ നില.
ഇന്ത്യ, ഫിലിപ്പീൻസ്, ജപ്പാൻ, ബംഗ്ലാദേശ്, മ്യാൻമർ, ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വിവിധതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളാൽ അപകടസാധ്യത നേരിടുന്നവയാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള ദുരന്തം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇന്ത്യ, അമേരിക്ക, ചൈന, സൗദി അറേബ്യ, റഷ്യ എന്നിവയാണ് ലോകത്ത് ഏറ്റവുമധികം പ്രതിരോധച്ചെലവുള്ള രാജ്യങ്ങളെന്നും ഐഇപി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങളിലുള്ള മരണനിരക്കിൽ മാത്രമാണു കുറവുണ്ടായിട്ടുള്ളത്. ആഗോള സമാധാനം കഴിഞ്ഞ അഞ്ചു വർഷമായി മെച്ചപ്പെട്ടുവരികയാണെന്ന് ഐഇപി റിപ്പോർട്ട് വ്യക്തമാക്കുന്നു.