ഗാന്ധിനഗർ: ബൈക്ക് ലോറിയിലിടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. ആലപ്പുഴ തത്തംപള്ളി വിത്തുപുരയ്ക്കൽ കണ്ണൻ നായരുടെ മകൾ ഗംഗ (20)യാണ് മരിച്ചത്. കഴിഞ്ഞ ഏഴിന് ഇടയാഴം കല്ലറ റോഡിൽ ഇടയാഴം ഭാഗത്തു വച്ചായിരുന്നു അപകടം. ഗംഗയുടെ സുഹൃത്തായ അജേഷിന്റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടയാഴം ഭാഗത്ത് വച്ച് കല്ലറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പിൻഭാഗത്തെ ടയറിനടിയിലേക്ക് തെറിച്ച് വീണ ഗംഗയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജേഷിന്റെ പരിക്ക് നിസാരമായതിനാൽ ഉടൻ തന്നെ ആശുപത്രി വിട്ടു.
ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗംഗ ഇന്നു രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ആലപ്പുഴ കളർകോട് എസ്.റ്റി.വി. കോളജിലെ അവസാന വർഷ ബി.കോം വിദ്യാർഥിയാണ്. ഏക സഹോദരൻ ഉണ്ണികൃഷ്ണൻ വാഹന അപകടത്തിൽപ്പെട്ട് മരിച്ചിട്ട് ജൂണ്‍ 10ന് രണ്ടു വർഷം തികഞ്ഞു. മാതാവ്: ഉഷാകുമാരി.