പത്തനംതിട്ട: കേരളത്തിൽ മാത്രമായി പ്രളയസെസ് ഏർപ്പെടുത്തുന്നത് വിലവർധനയ്ക്കും വ്യാപാര മേഖലയിൽ നഷ്ടത്തിനും കാരണമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും എല്ലാ നികുതികളും ഉൾപ്പെടുത്തിയ എംആർപി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പുറമേ സെസ് ഏർപ്പെടുത്തണമെങ്കിൽ നിയമനിർമാണം വേണ്ടിവരും.
എംആർപി മാറ്റം വരുത്താതെ സെസ് ഏർപ്പെടുത്തിയാൽ വ്യാപാര സ്ഥാപനങ്ങളിലെ നിലവിലുള്ള മുഴുവൻ ഉത്പന്നങ്ങൾക്കും വ്യാപാരികൾ ഒരുശതമാനം സെസ് നൽകേണ്ടിവരും. ഇത് ഉപഭോക്താവിൽ നിന്ന് ഈടാക്കാനാകില്ല.
ജിഎസ്ടിയുള്ള എല്ലാ വ്യാപാരികളും കംപ്യൂട്ടർ അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ബില്ലുകളും കണക്കുകളും ചെയ്യുന്നത്. സെസ് വരുന്നതോടെ സോഫ്റ്റ് വെയർ ക്രമപ്പെടുത്തുന്നതിന് 10000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടിവരും.
40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ രജിസ്ട്രേഷൻ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 70 ശതമാനം വ്യാപാരികളും ഈ പരിധിയിലുള്ളവരാണെന്നും സമിതി ചൂണ്ടിക്കാട്ടി. മഹാപ്രളയത്തിൽ ഏറ്റവുമധികം നഷ്ടമുണ്ടായ പത്തനംതിട്ട ജില്ലയെ പ്രളയസെസിൽ നിന്നൊഴിവാക്കേണ്ടതാണെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രളയത്തിൽ ഏറ്റവുമധികം നഷ്ടം വ്യാപാരികൾക്കായിരുന്നു. വൻ തകർച്ചയാണ് വ്യാപാര മേഖലയ്ക്കുണ്ടായിട്ടുള്ളതെന്നും ഇതു പരിഹരിക്കേണ്ടതിനു പകരം വീണ്ടും അധികഭാരം അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാകുന്നതല്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ് മാന്പ്ര, ജനറൽ സെക്രട്ടറി ഏബ്രഹാം പരിവാനിക്കൽ, വൈസ് പ്രസിഡന്റുമാരായ ജി. മണലൂർ, ഷാജി മാത്യു, തിരുവല്ല യൂണിറ്റ് പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.