സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും ഒപി ബഹിഷ്കരിച്ചുള്ള സമരം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിനെ സമരം ബാധിച്ചു. ഒ.പിയിൽ ഉൾപ്പെടെ രോഗികളുടെ നീണ്ട നിരയായിരുന്നു. ഇന്ന് രാവിലെ മുതലാണ് ഒ.പി, കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ചികിത്സകൾ ബഹിഷ്കരിച്ച് ഹൗസ് സർജൻമാരും പി.ജി,ഡോക്ടർമാരും സമരം ആരംഭിച്ചത്.
സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് സൂചന സമരം നടത്തുന്നത്. 2015 ലാണ് അവസാനമായി സ്റ്റൈപ്പെൻഡ് വർധിപ്പിച്ചത്. ഹൗസ് സർജന്മാർക്കും പിജി ഡോക്ടർമാർക്കും സൂപ്പർ സ്പെഷ്യലാറ്റിയിലെ പിജി ഡോക്ടർക്കും സ്റ്റൈപ്പൻഡായി ഇരുപതിനായിരം, നാൽപ്പത്തിമൂവായിരം, നാൽപ്പത്തിയേഴായിരം എന്ന ക്രമത്തിലാണ് നൽകുന്നത്. ഇത് മുപ്പതിനായിരം, അറുപത്തിമൂവായിരം, എഴുപത്തിമൂവായിരം എന്ന കണക്കിന് വർധിപ്പിക്കണമെന്നാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യം.
സ്റ്റൈപ്പെൻഡ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ ഉന്നതർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സൂചന സമരം എന്ന നിലയ്ക്ക് ഇന്ന് സമരം നടത്തുന്നതെന്ന് ഹൗസ് സർജൻമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാർ, പിജി ഡോക്ടർമാർ ഉൾപ്പെടെയുള്ള വിഭാഗത്തിൽ 3500 ൽ പരം പേരാണ് സേവനം അനുഷ്ഠിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് തീരുമാനമായില്ലെങ്കിൽ ഇരുപതാംതീയതി മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സമരരംഗത്തുള്ള ഡോക്ടർമാർമാർ വ്യക്തമാക്കി.
അതേ സമയം ഹൗസ് സർജൻമാരുടെ സമരം മെഡിക്കൽ കോളജിലെ ഒ.പി. വിഭാഗത്തെയും കിടത്തി ചികിത്സയെയും ബാധിച്ചു. അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാഗത്തിലെ ഹൗസ് സർജൻമാരെ സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒ.പി. ബഹിഷ്കരിച്ച ഹൗസ് സർജൻമാരും പി.ജി. ഡോക്ടർമാരും ഡിഡിഇ ഓഫീസിന് മുന്നിൽ ധർണ നടത്തി പ്രതിഷേധിച്ചു.