നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിൽ നിന്ന് ബംഗളൂരുവിൽ പോയി മടങ്ങുന്നതിനിടെ കാണാതായ യുവാവിനെ കണ്ടെത്തി. തെരുവൻ പറമ്പ് സ്വദേശി കണിയാങ്കണ്ടിയിൽ രാജേഷ് (42)നെയാണ് കണ്ടെത്തിയത്. ഇതിനിടെ നാട്ടിലേക്ക് പുറപ്പെടാൻ മെജസ്റ്റിക്കിലെ ബസ് സ്റ്റാൻഡിലെത്തിയ തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും മർദിച്ചവശനാക്കി പണം കവർന്ന ശേഷം റോഡിൽ തള്ളിയെന്നും രാജേഷ് നാട്ടിലെ ബന്ധുക്കളോട് പറഞ്ഞു.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബംഗളൂരുവിൽ ബേക്കറി ആരംഭിക്കുന്നതിനായി റൂം ശരിയാക്കാൻ വീട്ടിൽനിന്ന് പോയത്. ബേക്കറിക്കായി റൂം കണ്ടെത്തിയെന്നും 2000 രൂപ ഉടമയ്ക്ക് അഡ്വാൻസ് നൽകിയെന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ സുഹൃത്തുക്കളെ ഫോണിൽ വിവരം അറിയിച്ചിരുന്നു.
10 ന് രാത്രി പത്ത് മണിയോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചശേഷം ഫോൺ കട്ടാവുകയും ചെയ്തു. ബസ് സ്റ്റാൻഡിൽനിന്നാണ് വിളിക്കുന്നതെന്നും രാവിലെ നാട്ടിലെത്തുമെന്നും ഇയാൾ പറഞ്ഞതായി സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് വിവരം ഒന്നും ഇല്ലാതായതോടെ രാജേഷിന്റെ സഹോദരൻ നാദാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. രാജേഷ് ഉപയോഗിച്ച ഫോൺ പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച്ച ഉച്ചയോടെ രാജേഷിനെ കണ്ടെത്തിയതായി തെരുവൻ പറമ്പിലെ സുഹൃത്തുക്കൾക്ക് ഫോണിൽ വിവരം ലഭിക്കുകയായിരുന്നു. അജ്ഞാതരായ ചിലർ തട്ടിക്കൊണ്ടുപോയെന്നും സാരമായി മർദിച്ചെന്നും കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നതായും രാജേഷ് പറഞ്ഞതായി ബംഗളൂരുവിലെ സുഹൃത്തുക്കൾ പറഞ്ഞു.
ദേഹമാസകലം മർദനമേറ്റ് പരിക്കേറ്റതായും ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഇന്ന് നാട്ടിലെത്തിയാൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും ബന്ധുക്കൾ പറഞ്ഞു.