ക്ലാ​സ് “ഉ​ണ്ട”..! പേര് കേട്ടപ്പോൾ എന്തായിതെന്ന് തോന്നിയ കൗതുകം; കണ്ട്കഴിയുമ്പോൾ ബഹുമാനവും സ്നേഹവും…

 

“ഉണ്ട’ പേര് കേ​ൾ​ക്കുമ്പോ​ഴേ എന്തായിതെന്ന് പ​ല​ർ​ക്കും തോ​ന്നി​യേ​ക്കാം. പ​ക്ഷേ, പോ​ലീ​സു​കാ​രു​ടെ ക​ഥ​യാ​ണെ​ന്ന് കേ​ട്ട​തോ​ടെ ഉ​ണ്ട എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാകും. ആ ​ഉ​ണ്ട എ​ന്താ​ണ് കാ​ട്ടാ​ൻ പോ​കു​ന്ന​തെ​ന്നായിരുന്നു പ്രേക്ഷകന്‍റെ കൗതുകം. ആ ​കൗ​തു​കം പ​ക്ഷേ കേ​ര​ളാ പോ​ലീ​സി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ​യെ വ​ര​ച്ചി​ട്ട​പ്പോ​ൾ പ​ല​പ്പോ​ഴും പ​ഴി പ​റ​ഞ്ഞി​ട്ടു​ള്ള പോ​ലീ​സു​കാ​രോ​ട് ബ​ഹു​മാ​ന​വും സ്നേ​ഹവും താ​നെ തോ​ന്നിപ്പോകും.

വ്യ​ത്യ​സ്ത​ത വേ​ണ​മെ​ന്ന് മു​റ​വി​ളി കൂ​ട്ടു​ന്ന​വ​രു​ടെ മ​ന​സി​ലേ​ക്കാ​ണ് മ​ണി സാ​റും (മ​മ്മൂ​ട്ടി) പി​ള്ളേ​രും ഉ​ണ്ട​യു​മാ​യി ക​യ​റിവ​ന്ന​ത്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന ഛത്തീ​സ്ഗ​ഡി​ലെ ബ​സ്തറി​ൽ തെരഞ്ഞെടുപ്പ് ഡ്യൂ​ട്ടി​ക്കു​പോ​യ പോ​ലീ​സു​കാ​രു​ടെ ക​ഥ​യാ​ണ് ഉ​ണ്ട പ​റ​യു​ന്ന​ത്. 2014-ൽ ​ന​ട​ന്ന സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്രീ​ക​ര​ണം ഗൗ​ര​വം കൈ​വി​ടാ​തെ ര​സ​ക​ര​മാ​യി ത​ന്നെ സം​വി​ധാ​യ​ക​ൻ ഖാലിദ് റഹ്മാൻ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

മ​മ്മൂ​ട്ടി​യെ​ന്ന ഒ​റ്റ​യാ​ന്‍റെ ചു​മ​ലി​ലേ​റി​യ​ല്ല ക​ഥ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. പോ​ലീ​സു​കാ​ർ എ​ന്ന​തി​ലു​പ​രി അ​വ​രി​ലെ പ​ച്ച​യാ​യ മ​നു​ഷ്യ​രെ പു​റ​ത്തേ​ക്കി​ടാ​നാ​ണ് സം​വി​ധാ​യ​ക​ൻ ഇ​വി​ടെ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ഷൈ​ൻ ടോം ​ചാ​ക്കോ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ലു​ക്മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് എ​സ്ഐ ​മ​ണി​സാ​റാ​ണ്. പോ​ലീ​സ് യൂ​ണി​ഫോം ഇ​ടു​ന്പോ​ൾ നു​ര​ച്ച് പൊ​ങ്ങു​ന്ന ക​ടു​ക​ട്ടി ഡ​യ​ലോ​ഗു​ക​ളോ, പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളോ ഒ​ന്നും മ​മ്മൂ​ട്ടി ഉ​ണ്ട​യി​ൽ പൊ​ട്ടി​ക്കു​ന്നി​ല്ല. പ​ക​രം പ​ച്ച​യാ​യ മ​നു​ഷ്യ​ന്‍റെ ഭാവങ്ങൾ മാത്രമാണ് മെഗാസ്റ്റാറിൽ കാണാൻ കഴിയുന്നത്.

ഏ​തു സ​മ​യ​വും മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​വു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് വേ​ണ്ട​ത്ര സ​ജ്ജീ​ക​ര​ണ​മി​ല്ലാ​തെ പോ​ലീ​സു​കാ​രെ പ​റ​ഞ്ഞ​യ​ച്ച കേ​ര​ള സ​ർ​ക്കാ​രി​നെ ചി​ത്ര​ത്തി​ൽ ക​ണ​ക്കി​ന് പ​രി​ഹ​സി​ക്കു​ന്നു​ണ്ട്. മ​ണി​സാ​റി​നൊ​പ്പ​മു​ള്ള ബാ​ക്കി എ​ട്ടു​പേ​ർ​ക്കും ചി​ത്ര​ത്തി​ൽ തു​ല്യ​സ്ഥാ​നം ന​ൽ​കാ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.

ഓ​രോ​രു​ത്ത​രു​ടെ രാ​ഷ്ട്രീ​യ​വും കാ​ഴ്ച​പ്പാ​ടും പി​ന്നെ പോ​ലീ​സ് പ​ണി​ക്ക് വ​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ​വു​മെ​ല്ലാം സം​വി​ധാ​യ​ക​ൻ കൃ​ത്യ​മാ​യി ചി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. ലു​ക്മാ​ൻ സ്വാഭാ​വി​ക അ​ഭി​ന​യം കൊ​ണ്ട് ചി​ത്ര​ത്തി​ൽ ശോ​ഭി​ക്കു​ന്പോ​ൾ ഒ​രു സ​മൂ​ഹം ഇ​ന്നും നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യും പ​രി​ഹാ​സ​വും താ​നേ പു​റ​ത്തേ​ക്ക് ചാ​ടി.

പോ​ലീ​സു​കാ​രു​ടെ സീ​നി​യോ​രി​റ്റി​യും ഈ​ഗോ​യു​മെ​ല്ലാം ഓ​വ​റാ​ക്കാ​തെ സി​ന്പി​ളാ​യി ചി​ത്ര​ത്തി​ൽ വ​ന്നു പോ​കു​ന്നു​ണ്ട്. സ്വ​ന്തം തെ​റ്റ് തി​രു​ത്താ​ൻ സീ​നി​യ​റെ ഉ​പ​ദേ​ശി​ക്കു​ന്ന ജൂ​ണി​യ​റേ​യും ഇ​വി​ടെ കാ​ണാ​നാ​വും. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്ക​ണ്ട​യാ​ൾ​ക്ക് അ​ടി​തെ​റ്റി​യാ​ൽ സം​ഭ​വി​ക്കു​ന്ന അന്ധാളി​പ്പ് മി​ക​വോ​ടെ പ​ക​ർ​ത്താ​ൻ സം​വി​ധാ​യ​ക​നാ​യി​ട്ടു​ണ്ട്.

ആ​കാം​ക്ഷ ഒ​ട്ടും ചോ​രാ​തെ ഛത്തീ​സ്ഗ​ഡി​ലെ അ​ധി​ക ആ​ൾ​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്തെ അ​തി​ന്‍റെ തീ​വ്ര​ത​യോ​ടെ ഒ​പ്പി​യെ​ടു​ക്കാ​ൻ ഛായാ​ഗ്രാ​ഹ​ക​ൻ സ​ജി​ത്ത് പു​രു​ഷ​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​ള്ളി​ലെ ഭ​യ​വും പി​ന്നെ മാ​വോ​യി​സ്റ്റ് ഭീ​തി​യു​മെ​ല്ലാം അ​പ്പാ​ടെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​യാ​ണം. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഇ​ര​ന്പി വ​ന്ന് ചെ​വി​യി​ൽ മൂ​ളു​ന്ന​ത് “ഇ​താ ഇപ്പോൾ ആ​ക്ര​മണം ഉ​ണ്ടാ​കാ​ൻ പോ​കു​ന്നു​’ എന്നാണ്. കേ​ര​ളാ പോ​ലീ​സി​ന് തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​കാ​ത്ത ഗൗ​ര​വ​ക്കു​റ​വ് അ​തേ​പ​ടി പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ൽ സം​വി​ധാ​യ​ക​ൻ വി​ജ​യി​ച്ചി​ട്ടു​ണ്ട്.

ഒ​രു മ​നു​ഷ്യ​ന് ഉ​ണ്ടാ​കു​ന്ന ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും ത​ന്‍റെ ഡ്യൂ​ട്ടി കൃ​ത്യ​മാ​യി ചെ​യ്യാ​ൻ വെ​ന്പ​ൽ കൊ​ള്ളു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​മ്മൂ​ട്ടി​യി​ൽ കാ​ണാ​നാ​വും. അ​മാ​നു​ഷി​ക പ​രി​വേ​ഷം വി​ട്ട് മ​മ്മൂ​ട്ടി​യെ പ​ച്ച മ​നു​ഷ്യ​നാ​യി സ്ക്രീ​നി​ൽ കാ​ണാ​ൻ സാ​ധി​ച്ചു എ​ന്ന​താ​ണ് ഉ​ണ്ട​യു​ടെ ഹൈ​ലൈ​റ്റ്.

ഛത്തീ​സ്ഗ​ഡി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ദ​യ​നീ​യ അ​വ​സ്ഥ ചൂ​ണ്ടിക്കാട്ടാ​ൻ സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തി​ൽ മ​റ​ക്കു​ന്നി​ല്ല. സ്വ​ന്തം മ​ണ്ണ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത ജ​ന​ങ്ങ​ളെ ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. മ​നു​ഷ്യ​രെ മ​ന​സി​ലാ​ക്കാ​ൻ ഭാ​ഷ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ചി​ത്രം തെ​ളി​യി​ക്കു​ന്പോ​ൾ ഒ​രു​പി​ടി മി​ക​ച്ച അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കൊ​ണ്ട് മ​ണി സാ​റും സം​ഘ​വും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്ക് ക​യ​റിപ്പറ്റു​ക​യാ​ണ്.

ഉ​ണ്ട ഏ​തൊ​രു പ്രേ​ക്ഷ​ക​നും സ​മ്മാ​നി​ക്കു​ക ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും. കാ​ര്യ​മാ​ത്ര പ്ര​സ​ക്തി​യു​ള്ള വി​ഷ​യം ചെ​റു ന​ർ​മ​ങ്ങ​ളി​ൽ പൊ​തി​ഞ്ഞാ​ണ് മു​ന്നി​ലേ​ക്കെ​ത്തു​ന്ന​ത്. മാ​സ് ഡ​യ​ലോ​ഗു​ക​ളും കി​ടി​ല​ൻ സ്റ്റണ്ടും പ്ര​തീ​ക്ഷി​ച്ച് ഉ​ണ്ട​യ്ക്ക് ക​യ​റി​യാ​ൽ ആ ​തോ​ക്കി​ലെ ഉ​ണ്ട നി​ങ്ങ​ൾ​ക്ക് കാ​ട്ടി​ത്ത​രു​ക ഇ​തു​വ​രെ കാ​ണാ​ത്ത മ​റ്റു ചി​ല കാ​ഴ്ച​ക​ളാ​യി​രി​ക്കും.

വി.​ശ്രീ​കാ​ന്ത്

Related posts