അലിഗഡ്: മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ യുവാവ് പുഴയിൽ മുക്കിക്കൊന്നു. ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാഴാഴ്ചയാണു സംഭവം. മകൻ കണ്ടുനിൽക്കെയായിരുന്നു കൊലപാതകം.
ഒരു കുട്ടിയുടെ മാതാവായ മുപ്പത്തിരണ്ടുകാരിയാണു കൊല്ലപ്പെട്ടത്. പിതാവായ മാൻപൽ അമ്മയെ മുക്കിക്കൊല്ലുന്നതു കണ്ടെന്നു കുട്ടി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ചാൽ കുട്ടിയെയും കൊല്ലുമെന്നു മാൻപൽ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പോലീസിനോടു പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പാലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. തന്ത്രിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന മാൻപലിന്റെ ആവശ്യത്തെ തുടർന്നു ഭയചകിതയായ സഹോദരി രണ്ടു ദിവസം മുന്പ് ഫോണ് ചെയ്തിരുന്നെന്നും ഇടപെടണമെന്ന് ആവശ്യപ്പെട്ടെന്നും സഹോദരൻ പരാതിയിൽ പറയുന്നു.
വിഷയം പിന്നീടു പരിഹരിക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഭാര്യയെ പുഴയിലേക്കു കൂട്ടിക്കൊണ്ടുപോയി മാൻപൽ മുക്കിക്കൊല്ലുകയായിരുന്നു. തന്ത്രിയായ സന്ത്ദാസ് ദുർഗാദാസും ഒപ്പമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മന്ത്രവാദി പുഴ നീന്തിക്കടന്ന് അടുത്ത ജില്ലയിലേക്കു പോയി.
പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രാവാദിയേയും ഭർത്താവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സന്ത്ദാസ് ദുർഗദാസിനു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.