ഷിക്കാഗോ: അമ്മയെ കൊലപ്പെടുത്തി വയറുകീറി പുറത്തെടുത്ത കുഞ്ഞും മരിച്ചു. വെള്ളിയാഴ്ച ഷിക്കാഗോയിലെ ആശുപത്രിയിൽ തലച്ചോറിനേറ്റ ക്ഷതത്തെ തുടർന്നായിരുന്നു രണ്ടും മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അന്ത്യമെന്നു കുടുംബം അറിയിച്ചു. ഏപ്രിൽ 23-നു കൊല്ലപ്പെട്ട മാർലിൻ ഒച്ചോവ ലോപ്പസ് എന്ന പത്തൊന്പതുകാരിയുടെ കുഞ്ഞാണു മരിച്ചത്.
പോലീസ് കുഞ്ഞിനെ കണ്ടെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥയിലായിരുന്നു. ഇടയ്ക്കു കുഞ്ഞു കണ്ണുതുറന്നെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
കുഞ്ഞിനെ സ്വന്തമാക്കാൻ വേണ്ടി ഷിക്കാഗോ സ്വദേശിനിയായ ഒരു സ്ത്രീയും മകളും ചേർന്നാണ് മാർലിനെ കൊലപ്പെടുത്തിയത്. ഒന്പതു മാസം ഗർഭിണിയായിരിക്കെയാണ് മാർലിനെ കാണാതായത്. കുഞ്ഞു പിറക്കുന്പോൾ ഉപയോഗിക്കുന്ന ശിശുക്ഷേമ വസ്തുക്കൾ നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇവർ മാർലിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫേസ്ബുക് ഗ്രൂപ്പിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.
മൂന്നു വയസുള്ള ആദ്യത്തെ മകനെ കൊണ്ടുപോകാൻ ഡേ കെയറിൽ മാർലിൻ എത്തിയില്ലെന്ന സന്ദേശത്തെത്തുടർന്നാണു വീട്ടുകാർ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മാർലിന്റെ കുപ്പത്തൊട്ടിയിൽ കണ്ടെത്തി. വയറുകീറിയ അവസ്ഥയിലായിരുന്നു മൃതദേഹം. കഴുത്തിൽ കുരുക്കിട്ടു മുറുക്കിയാണ് മാർലിൻ കൊല്ലപ്പെട്ടിരിക്കുന്നതെന്നും കുഞ്ഞിനെ കാണാതായിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, അമ്മമാർക്കു വേണ്ടിയുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന് മാർലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്നു വ്യക്തമായി. ഈ ഗ്രൂപ്പിലുള്ള ക്ലാരിസ ഫിഗുറോ എന്ന സ്ത്രീ കുഞ്ഞുടുപ്പുകൾ വാഗ്ദാനം ചെയ്ത് മാർലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും തുടർന്നു വയർ കീറി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഗർഭിണിയായ മാർലിനെ കാണാതായ ദിവസം വൈകുന്നേരം ആറുമണിയോടെ ക്ലാരിസ് നവജാത ശിശുവിനു ശ്വാസതടസമുണ്ടെന്നറിയിച്ച് അത്യാഹിത വിഭാഗത്തിന്റെ സഹായം തേടിയിരുന്നു. ഈ ഫോണ് റെക്കോർഡും പോലീസ് കണ്ടെത്തി. ക്ലാരിസ് വിളിച്ചതു മാർലിന്റെ കുഞ്ഞിനു വേണ്ടിയായിരുന്നുവെന്നു പോലീസ് പറയുന്നു.
ക്ലാരിസ ഫിഗറോവ, മകൾ ഡിസൈറീ ഫിഗറോവ, ക്ലാരിസയുടെ പുരുഷസുഹൃത്ത് പിയോട്ടർ ബോബാക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരേ കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്.