മൂന്നാർ: യുവാവിനെ വശീകരിച്ച് മൂന്നാറിലെത്തിച്ച് പണം തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയാണ് മൂന്നാർ പോലീസിൽ പരാതി നൽകിയത്. എറണാകുളത്തു തന്നെയുള്ള യുവതിയാണ് യുവാവിനെ പ്രലോഭിപ്പിച്ച് മൂന്നാറിലെത്തിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച മൂന്നാർ പോലീസ് നാലുപേരെ പിടികൂടി. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തുവരുന്ന സൈമണ്‍ (20), നിബിൻ (18), സുബിൻ (20), അബിൻ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മേയ് 28-നാണ് യുവതി യുവാവിനെകൂട്ടി മൂന്നാറിലെത്തിയത്. മൂന്നാർ കോളനിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തു. മുറിയിൽ കടന്ന് അല്പസമയത്തിനകം യുവതിയോടൊപ്പം എത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേർ മുറിയിലെത്തി കതകടച്ച് യുവാവിനെ ബലമായി കീഴ്പെടുത്തി കഴുത്തിലുണ്ടായിരുന്ന സ്വർണമാല തട്ടിയെടുത്തു.
യുവാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് 20,000 രൂപയും പിൻവലിച്ചു. മൂന്നാറിൽ ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിച്ചിരുന്ന യുവാക്കളുടെ ഒത്താശയോടെയാണ് പണവും ആഭരണങ്ങളും തട്ടിയെടുത്തത്.
സംഭവം നടക്കുന്പോൾ ഒന്നുമറിയാത്ത ഭാവത്തിലും ഭയംനടിച്ചുംനിന്ന യുവതിയെക്കുറിച്ച് പരാതിക്കാരന് സംശയം തോന്നിയിരുന്നില്ല. പിന്നീട് യുവതിയുടെ സ്വഭാവത്തിൽ പന്തികേട് കണ്ട യുവാവ് മൂന്നാറിലെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്നാറിലുള്ളവരുമായി യുവതി ഇടപഴകിയ രീതിയും യുവാവിന് സംശയം ജനിപ്പിച്ചിരുന്നു.
പ്രതികളെ ദേവികുളം മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയശേഷം തെളിവെടുപ്പിനായി തിരികെ വാങ്ങി. പണം തട്ടിയെടുക്കാൻ പ്രവർത്തിക്കുന്ന ഗൂഢസംഘങ്ങളാണോ സംഭവത്തിനു പിന്നിലുള്ളതെന്ന് പോലീസ് സംശയിക്കുന്നു. യുവതി സംഘത്തിന്റെ ഭാഗമാണോ അതോ കെണിയായി ഉപയോഗിക്കുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.
ഇത്തരത്തിൽ മുന്‍പും സംഭവങ്ങളുണ്ടായിട്ടുള്ളതായും യുവതിയുടെ പെരുമാറ്റത്തിൽനിന്നും അത് മനസിലായിട്ടുള്ളതായും പരാതിക്കാരൻ പോലീസിനോടു പറഞ്ഞു.