അടൂർ: അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിൽനിന്നു കാണാതായ മൂന്ന് പെണ്‍കുട്ടികളെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. ട്രെയിനിൽ പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് ഇവരെ കാണാതായത്. തുടർന്ന് സ്ഥാപനം ഉടമ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. അടൂർ ഡിവൈഎസ്പി കെ.ജെ. തോമസ് അന്വേഷണത്തിനായി പ്രത്യേക സ്കാഡിന് രൂപം നല്‍കിയിരുന്നു.
സൈബർ സെൽ, റെയിൽവേ പോലീസ്, ഹൈവേ പോലീസ് പട്രോളിംഗ് സംഘം എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ട്രെയിനിൽ യാത്ര ചെയ്ത ഒരാൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഇവരെ പൂനയിലേക്കുള്ള യാത്രയ്ക്കിടെ ടെയിനിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികൾ നാടുവിടാനുള്ള കാരണവും മറ്റും പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരോടൊപ്പം മറ്റാരെങ്കിലുമുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നു.
കാണാതായ മൂന്ന് പെണ്‍കുട്ടികളുടെയും ചിത്രങ്ങൾ അടൂർ ഡിവൈഎസ്പി വാട്സ്ആപ്പ് മുഖേന റെയിൽവേ പോലീസിനു കൈമാറിയിരുന്നു. കൂടാതെ റെയിൽവേ അലർട്ട് നല്‍കുകയും ചെയ്തിരുന്നു. സീതത്തോട്, നിലന്പൂർ സ്വദേശികളാണ് രണ്ട് പെണ്‍കുട്ടികൾ. മൂന്നാമത്തെ കുട്ടി കൊട്ടാരക്കര സ്വദേശിയാണെങ്കിലും മാതാപിതാക്കൾ പൂനെയിൽ സ്ഥിരതാമസക്കാരാണ്. കുട്ടികൾ ഒരു മാസം മുന്‍പാണ് ആയുർവേദ നഴ്സിംഗ് കോഴ്സിന് അടൂരിലെ സ്ഥാപനത്തിൽ ചേർന്നത്.
പെണ്‍കുട്ടികളെ തിരികെ അടൂരിൽ എത്തിക്കാൻ അഞ്ചംഗ പോലീസ് സംഘം രത്നഗിരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.