ന്യൂഡൽഹി: കേരളത്തിലെ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിന് അടിമുടി വീഴ്ച പറ്റിയെന്ന കുറ്റപ്പെടുത്തലുമായി സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണ മികവിനെ ജനങ്ങൾ ഏറെ മതിപ്പോടെ നോക്കിക്കണ്ടെങ്കിലും ആ മതിപ്പ് വോട്ടാക്കി മാറ്റാൻ കഴിയുന്നതിൽ കേരളത്തിൽ പാർട്ടിക്ക് പരാജയം സംഭവിച്ചു.
നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിൽ അവതരിപ്പിച്ച വനിതാ മതിലിന് പിന്നാലെ യുവതികൾ ശബരിമല ദർശനത്തിനെത്തിയത് ബിജെപി അടക്കമുള്ള എതിരാളികൾ സിപിഎമ്മിനെതിരായ ആയുധമാക്കിയെന്ന് കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നത്.
വോട്ടെടുപ്പിനു ശേഷവും വൻ വിജയം നേടുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിലെ പാർട്ടി പ്രവർത്തകർ. ജനവികാരം മനസിലാക്കുന്നതിൽ എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതിൽ വലിയ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം തന്നെ കേരളത്തിൽ ഒറ്റ സീറ്റു പോലും നേടാനായില്ലെങ്കിലും യുഡിഎഫിന് വൻതോതിൽ വോട്ട് മറിച്ചു കൊടുത്തിട്ടും ബിജെപിക്ക് 15.56 ശതമാനം വോട്ട് നേടാൻ കഴിഞ്ഞത് വലിയ ആശങ്കയോടെ നോക്കിക്കാണണമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നൽകുന്നു.
പരാജയത്തിന്റെ നിഴൽ മുൻകൂട്ടി കണക്കാക്കാനോ ജനവികാരം എന്തെന്നു തിരിച്ചറിയാനോ സംസ്ഥാനത്തെ നേതാക്കൾക്കു കഴിഞ്ഞില്ലെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി ആയതോടെ കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ കോണ്ഗ്രസിന് അനുകൂലമായി ഏകീകരിച്ചു. സംസ്ഥാന നേതൃത്വമാകട്ടെ സിപിഎം പാർട്ടി കോണ്ഗ്രസ് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കണക്കിലെടുക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 22 പേജുള്ള റിപ്പോർട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ വിശകലനം ചെയ്യുന്ന ഭാഗത്ത് കുറ്റപ്പെടുത്തുന്നു.
2014ൽ സിപിഎമ്മിന്റെ വോട്ട് ശതമാനം 40.2 ശതമാനം ആയിരുന്നത് ഇത്തവണ 35.1 ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത്തവണ സിപിഎം നേരിട്ടത് അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ നടന്ന തെരഞ്ഞെടുപ്പിനു സമാനമായ തിരിച്ചടിയാണ്. മോദിയോടും ബിജെപി സർക്കാരിനോടുമുള്ള ഭയം ജനാധിപത്യ, മതേതര വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കുന്നതിനു സഹായകമായി.
ക്രൈസ്തവ, മുസ്്ലിം വിഭാഗങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ശബരിമല വിധി നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി. എന്നാൽ, വിശ്വാസികളുടെ ആശയക്കുഴപ്പം യുഡിഎഫും ബിജെപിയും സിപിഎമ്മിനെതിരേ ഉപയോഗിച്ചു. പരന്പരാഗത വോട്ടുകൾ പാർട്ടിക്ക് നഷ്ടമായി.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഒഴികെ ബിജെപി കോണ്ഗ്രസിന് വോട്ടുമറിച്ചു. ബിജെപിയുടെ വളർച്ച തടയാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന് അനുകൂലമായ ജനവികാരം വോട്ടാക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ സിപിഎമ്മിനെതിരെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം നടന്നു.
രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ പാർട്ടി പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടാകാതെ നോക്കണം. വൻവിജയമുണ്ടാകുമെന്നാണ് വോട്ടെടുപ്പിനു ശേഷവും നേതാക്കൾ പറഞ്ഞത്. എന്നാൽ ജനവികാരം മനസിലാക്കാൻ കഴിയാത്തത് ഗൗരവമേറിയ പ്രശ്നമാണ്. പാർട്ടിയുടെ അടിത്തറ വികസിപ്പിക്കാൻ കഴിയാത്തത് ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കേരളത്തിൽ എല്ലാ തവണയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ അതേ രീതിയിലുള്ള വോട്ട് സന്പ്രദായമല്ല പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മൊത്തത്തിലുള്ള പ്രവർത്തന മികവിനെ വലിയൊരു വിഭാഗം മതിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ മതിപ്പും അഭിനന്ദനവും വോട്ടാക്കി മാറ്റുന്നതിൽ പാർട്ടിക്കു പരാജയം സംഭവിച്ചു. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി പരിഹാരം കണ്ടെത്തണമെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.
ഐക്യം കൊതിച്ച് സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പുനരേകീകരണ നീക്കം ശക്തമാക്കി സിപിഐയും രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്ത് നൽകി. സിപിഎമ്മുമായുള്ള പുനരേകീകരണം ഏറെ വർഷങ്ങളായി സിപിഐ മുന്നോട്ടുവയ്ക്കുന്ന നിലപാടാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾ നേരിട്ട ദയനീയ പരാജയമാണ് പുനരേകീകരണ നീക്കം ശക്തമാക്കാനുള്ള പ്രേരണ.
തോൽവി വിലയിരുത്താൻ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗം ഇതിനായി പ്രമേയം പാസാക്കി. പിളർപ്പുണ്ടായ സാഹചര്യത്തിന് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇരുപാർട്ടികളുടെയും ഭൂരിഭാഗം അണികളും പുനരേകീകരണം ആഗ്രഹിക്കുന്നുവെന്നും സിപിഐ പറയുന്നു.
ഇക്കാര്യം സീതാറാം യെച്ചൂരിയെ സുധാകർ റെഡ്ഡി രേഖാമൂലം ആവശ്യം അറിയിക്കുകയും ചെയ്തു. എന്നാൽ, സിപിഎമ്മിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ട്. തത്കാലം കൂടുതൽ ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കുക. പുനരേകീകരണ ചർച്ചകൾ പിന്നീടാകാം എന്നതാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കു ശേഷം യെച്ചൂരി പരസ്യമായി പ്രതികരിച്ചത്.
സെബി മാത്യു