ജോണി ചിറ്റിലപ്പിള്ളി
വടക്കാഞ്ചേരി: രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലെങ്കിലും ദിവസം രണ്ടായിരത്തോളം തേങ്ങ പൊതിക്കുന്ന പുന്നംപറന്പ് സ്വദേശി സേവ്യർ കാഴ്ചശക്തിയുള്ളവർക്ക് അത്ഭുതവും കാഴ്ചശക്തിയില്ലാത്തവർക്ക് പ്രചോദനവുമാകുന്നു. വടക്കാഞ്ചേരി പുന്നംപറന്പ് ചീരൻ പരേതനായ ദേവസി മകൻ സേവ്യറിന് ഇപ്പോൾ വയസ് 48. കഴിഞ്ഞ 25 വർഷത്തിലധികമായി സേവ്യറിന് കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരു കണ്ണുകൾക്കും ഇപ്പോൾ 80 ശതമാനത്തിലധികം കാഴ്ചയില്ല. കണ്ണു കാണുന്നില്ലെന്ന് തന്നെ പറയാം.
എന്നാൽ വർഷങ്ങളായി തുടരുന്ന തേങ്ങ പൊതിക്കൽ ജോലി സേവ്യർ ഇപ്പോഴും തുടരുന്നു. പ്രയാസങ്ങളില്ലാതെ. സ്ഥിരമായി പോകുന്ന വഴികളിലൂടെയാണ് എന്നും സേവ്യറിന്റെ യാത്ര. നാട്ടിലെ മുഴുവൻ വീടുകളിലേയും തേങ്ങ പൊതിക്കൽ പണി സേവ്യറിനുണ്ട്.
ദിവസം രണ്ടായിരം തേങ്ങ പൊതിക്കുമെന്നാണ് സേവ്യർ പറയുന്നത്. ദുരെ ദിക്കിലേക്ക് പണിക്ക് വിളിച്ചാലും പോകും. അപ്പോൾ വീട്ടിൽ നിന്നാരെയെങ്കിലും കൂടെ കൂട്ടും. വഴി കാണിക്കാൻ. തേങ്ങാപൊതിക്കലെല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. സേവ്യറിനെ തേടി നാട്ടിലെത്തിയപ്പോൾ ആൾ മച്ചാട് പള്ളിയിലെ ഉൗട്ടുതിരുനാളിനുളള നാളികേരം പൊതിക്കാൻ പോയിരിക്കുകയാണെന്ന് അറിഞ്ഞു.
സേവ്യറിനെ കാണുന്പോൾ സമീപത്ത് പൊതിച്ചുകൂട്ടിയ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. സംസാരത്തിനിടയിൽ നാളികേരങ്ങൾ പൊതിച്ചുകൊണ്ടേയിരുന്നു സേവ്യർ. യാതൊരു പതർച്ചയുമില്ലാതെ. ചകിരി അടർത്തിയെടുത്ത് പൊതിച്ച നാളികേരം മാറ്റിയിടുന്പോൾ അത്ഭുതം തോന്നും. വളരെ പെർഫെക്ട് ആയാണ് സേവ്യർ താൻ ഏറ്റെടുത്ത ജോലി നിർവഹിക്കുന്നത്.
കണ്ണു കാണാതെ എങ്ങിനെ നാളികേരം പൊതിക്കുമെന്ന് സേവ്യറിനോട് ചോദിച്ചാൽ അതൊരു കണക്കാണ്, കാലങ്ങളായി ചെയ്യുന്ന പണിയല്ലേ അതിപ്പോൾ മനക്കണക്കായി എന്ന് സേവ്യറിന്റെ നിഷ്കളങ്കമായ മറുപടി. ഇത് വലിയ കാര്യമല്ലെന്നും ശീലിച്ചാൽ ആർക്കും പറ്റുന്ന കാര്യമാണെന്നും കാഴ്ചയില്ലാത്തതിന്റെ പേരിൽ മനസു മടുത്തുപോകരുതെന്നും സേവ്യർ തന്റെ ജീവിതം കൊണ്ട് കാണിച്ചും പറഞ്ഞും തരുന്നു.
പഞ്ചായത്തിൽ നിന്നും വികലാംഗ പെൻഷൻ സേവ്യറിന് കിട്ടുന്നുണ്ട്. സേവ്യറിന്റെ അച്ഛനും അമ്മയും പണ്ട് ചവിട്ടനാടകങ്ങളിൽ അഭിനയിച്ചിട്ടുളള കലാകാരൻമാരാണ്. ഭാര്യ ഗ്രെയ്സി. മക്കളായ ഷാൻസി, ഷജയ് എന്നിവർ വിദ്യാർഥികളാണ്. സ്വന്തം കാര്യങ്ങളെല്ലാം പരമാവധി പരസഹായം കൂടാതെ നടത്താൻ സേവ്യറിന് കഴിയുന്നുണ്ട്.
വർഷങ്ങളായി ചെയ്തു വരുന്ന പണിയായതുകൊണ്ട് സേവ്യറിന് നാളികേരം പൊതിക്കൽ വലിയ പണിയല്ല. നാളികേരം പൊതിക്കാനുള്ള ഉപകരണത്തിന്റെ സഹായത്തോടെ സേവ്യർ നിമിഷനേരം കൊണ്ട് നാളികേരം പൊതിച്ചടുക്കുന്പോൾ കണ്ണുള്ളവരുടെ കണ്ണുതള്ളും.