ചാവക്കാട്: അജ്ഞാതന്റെ തട്ടിൽ ഞെട്ടിഉണർന്ന് നാട്ടുകാർ. പിടികൊടുക്കാതെ ബൈക്ക് യാത്രികൻ ഒരു പ്രദേശത്തെ ഉറക്കം കളയുന്നു.തെക്കൻ പാലയൂരിലാണ് നാട്ടുകാർക്ക് തലവേദന തീർത്ത് അജ്ഞാതനായ ബൈക്ക് യാത്രികൻ തന്റെ ലീലാവിലാസങ്ങൾ തുടരുന്നത്.
രാത്രിയായാൽ വാതിലിൽ മുട്ടും വീട്ടുകാർ വാതിൽ തുറന്നാൽ ഓടിമറഞ്ഞ് ബൈക്കിൽ രക്ഷപ്പെടും. രണ്ടാഴ്ചയായി ഇതു തുടങ്ങിയിട്ട്. അജ്ഞാതനെ പിടിക്കാൻ നാട്ടുകാർ കാവലിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ’വാതിൽ തട്ട് കള്ളനെ’ പിടിക്കാൻ കഴിഞ്ഞില്ല.
തെക്കൻ പാലയൂരിലെ ഉൗടുവഴികൾ കൃത്യമായി അറിയുന്ന നാട്ടുകാരൻ തന്നെയാണ് ഈ അജ്ഞാതനെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസം ഒരു വീടിനു സമീപമെത്തിയപ്പോൾ തന്നെ കണ്ട് കുരച്ച വളർത്തുനായയെ വടികൊണ്ട് തല്ലി പരിക്കേല്പിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. പലതവണ പിടികൂടാൻ ശ്രമിച്ചുവെങ്കിലും രക്ഷപ്പെട്ടു.
രാത്രികാലശല്യക്കാരനെ പിടിക്കാനുള്ള ശ്രമത്തിലാണ് ചാവക്കാട് പോലീസ്. പിടികൊടുക്കാതെ രക്ഷപ്പെടുന്നവൻ വെല്ലുവിളി മുഴക്കിയാണ് കടന്നുകളയുന്നത്. ’പിടിക്കാമെങ്കിൽ പിടിച്ചോളൂ.’മുക്കിലും മൂലയിലും വലവിരിച്ച് കാത്തിരിക്കുകയാണ് നാട്ടുകാരും പോലീസും.