കൊച്ചി: ഒളിവിൽ പോയതിൽ മാപ്പുചോദിച്ച് എറണാകുളം സെൻട്രൽ സിഐ നവാസ്. മനസ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തിതേടിയാണു യാത്ര പോയതെന്നും എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പു ചോദിക്കുന്നെന്നും നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചിയിൽനിന്നു കാണാതായ നവാസിനെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. തമിഴ്നാട് റെയിൽവേ പോലീസാണു സെൻട്രൽ സിഐ നവാസിനെ കണ്ടെത്തിയതെന്നാണു വിവരം. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു.
മൂന്നുദിവസം മുന്‍പാണു നവാസിനെ കാണാതായത്. നവാസിനെ കാണാനില്ലെന്നു കാണിച്ച് കേരള പോലീസിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ അറിയിപ്പ് നൽകിയിരുന്നു.
മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണു സിഐ നവാസ് നാടുവിട്ടതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്.
നവാസും എസിപി സുരേഷ് കുമാറും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ സ്ഥിരീകരിച്ചു. ഇക്കാര്യം തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.