പയ്യന്നൂര്‍: ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ മുസ്ലിം ലീഗ് നേതാവിനെ തൊഴിലാളി യൂണിയൻ ഭാരവാഹിത്വത്തില്‍നിന്ന് പുറത്താക്കി. മാട്ടൂല്‍ കാവിലെവളപ്പിലെ എ.പി. ബദറുദ്ദീനെയാണ് (55) സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന് (എസ്ടിയു) സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്.
പയ്യന്നൂരിൽ പോക്സോ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇയാളെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതിനുപിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ഒളിവില്‍ കഴിയുന്ന ഇയാള്‍ എറണാകുളത്തെ അഭിഭാഷകന് മുഖേന ഹൈക്കോടതിയിൽനിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. പോലീസ് രണ്ടുതവണ മാട്ടൂലിലെ വീട്ടില്‍ ഇയാളെ തേടിയെത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ വീട്ടിലുപേക്ഷിച്ചനിലയിലാണ്.
എടിഎം കാര്‍ഡുപയോഗിച്ച് രണ്ടുതവണ പണം പിന്‍വലിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഇയാള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള പയ്യന്നൂരിലെയും പഴയങ്ങാടിയിലെയും ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ പി.കെ.ധനഞ്ജയബാബുവിനാണ് കേസ് അന്വേഷണ ചുമതല.