കൊല്ലം: മാവേലിക്കരയിൽ സ്കൂട്ടറിൽപോകുകയായിരുന്ന പോലീസുകാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. വള്ളികുന്നം കാഞ്ഞിപ്പുഴയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്കരൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന പോലീസുകാരൻ അജാസ് പിടിയിലായി.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽനിന്നും കാഞ്ഞിപ്പുഴ കവലയിലേക്ക് സൗമ്യ സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ അജാസ് സൗമ്യയെ സ്കൂട്ടറിനു പിന്നിൽ ഇടിച്ച് നിലത്തുവീഴ്ത്തി. അജാസിനെ കണ്ട സൗമ്യ വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടി.
എന്നാൽ പിന്തുടർന്നെത്തിയ അജാസ് വടിവാൾ ഉപയോഗിച്ച് സൗമ്യയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ ആളിപ്പടർന്ന് അജാസിനും പൊള്ളലേറ്റു. ശരീരമാസകലം തീപിടിച്ച സൗമ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു വീണു.
നാട്ടുകാർ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പോലീസിന് കൈമാറി. വള്ളികുന്നം സ്റ്റേഷനു സമീപമാണ് സൗമ്യയുടെ വീട്. ഉച്ചക്ക് രണ്ടരയോടെയാണ് ജോലി കഴിഞ്ഞ സൗമ്യ വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് സ്കൂട്ടറിൽ പുറത്തേക്കിറങ്ങിയത്. മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭർത്താവ് വിദേശത്താണ്. പ്രതി സഞ്ചരിച്ച കാറും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.