ഷിജീഷ് യു.കെ
ഒരു യമണ്ടന്‍ പ്രേമകഥ സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോള്തന്നെ ഉയരെ എന്ന ചിത്രവും ക്ലാസിക് സിനിമ എന്ന വിശേഷണത്തോടെ ഫിറ്റിലേക്ക് നീങ്ങുന്നു. സംയുക്ത മേനോന് എങ്ങനെ സന്തോഷിക്കാതിരിക്കും.
യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ക്കറിന്റെ നായികയായി ആദ്യന്തം നിറഞ്ഞുനില്ക്കുന്ന തീവണ്ടി നായിക ഉയരെയില്‍ കഥാമര്മ്മ ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്ന അതിഥിതാരമാണ്. പക്ഷേ, നായികയോളം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു സംയുക്തയുടെ അതിഥിവേഷവും. ഹിറ്റ് സിനിമകള്‍ നല്കുന്ന സന്തോഷം മറച്ചുവയ്ക്കാതെ സംയുക്ത പറഞ്ഞുതുടങ്ങി.
പാലക്കാട് ടു കൊച്ചി
അച്ഛന്റെ ദുബൈയില്‍ ഡോക്ടറാണ്. അമ്മയ്ക്കു സ്വദേശമായ പാലക്കാട് ഉദ്യോഗം. ജീവിതാവസാനംവരെ പാലക്കാടിന്റെ പച്ചപ്പില്‍ കഴിച്ചുകൂട്ടാനായിരുന്നു ആഗ്രഹം. വല്ലാത്തൊരു ശാന്തതയാണ് അവിടെ. പക്ഷേ, തീവണ്ടിക്കു പുറകേ നിരവധി അവസരങ്ങള്‍ വന്നുതുടങ്ങിയതോടെ കൊച്ചിയില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കേണ്ടിവന്നു.
അമ്മയ്ക്ക് ഇവിടെ ജോലിയായതിനാല്‍ തനിച്ചായിരുന്നു ഫ്ളാറ്റില്‍ ഞാന്‍. ശബ്ദായമാനമായ നഗരം, നിശബ്ദത മുറ്റിനില്ക്കുന്ന ഫ്ളാറ്റ്. രണ്ടിനുമിടയില്‍ തനി പാലക്കാട്ടുകാരിയായ എനിക്കു ശ്വാസംമുട്ടി. അങ്ങനെയാണു ജോലി രാജിവച്ച് അമ്മയും കൊച്ചിയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ഈ നഗരവുമായി ഞാന്‍ ഇണങ്ങിക്കഴിഞ്ഞു. എന്നെക്കാളേറെ അമ്മയും.
എങ്ങനെയോ നടിയായി
സത്യമാണ്. കുഞ്ഞുന്നാളിലേ ആഗ്രഹം അച്ഛനെപ്പോലെ ഡോക്ടറാകാനായിരുന്നു. ഒന്നാംക്ലാസ് മുതല്‍ ഒന്നാംസ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെയായിരുന്നു പഠനം. പ്ലസ്ടു കഴിഞ്ഞ ഉടനെ എന്‍ട്രന്‍സിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഇതിനിടയിലാണ് പണ്ടെന്നോ കൂട്ടുകാരിക്കു നല്കിയ ഒരു ഫോട്ടോ ഒരു വാരികയുടെ കവര്പേജായത്. തുടര്‍ന്നു ടോവിനോയുടെ നായികയായി തീവണ്ടി എന്ന സിനിമയിലേക്ക് ആരും കൊതിക്കുന്ന ക്ഷണം. തീവണ്ടി കഴിഞ്ഞതോടെ സിനിമയുമായി നല്ല കൂട്ടായി. ഡോക്ടര്‍ സ്വപ്നം സിനിമാത്തിരക്കില്‍ എങ്ങോട്ടോ ഒഴുകിപ്പോയി.
പഠനത്തിനു സുല്ല്
ഇനി പഠനം നമുക്കു പറ്റുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ മനസു നിറയെ സിനിമയാണ്. കോളജില്‍ പോയി ബിരുദമെടുക്കാനൊന്നും ഇതിനിടയില്‍ കഴിയുമെന്നു തോന്നുന്നില്ല. ലക്ഷ്മി മേനോനെപ്പോലെയുള്ള ബഹുഭാഷാ നടികള്‍ അഭിനയവും പഠനവും ഒരേ ട്രാക്കില്‍ കൊണ്ടുപോകുന്നുണ്ട്.
പക്ഷേ, എനിക്കതു പറ്റില്ല. നയന്‍ ടു ഫൈവ് ഏതെങ്കിലും ഒരോഫീസില്‍ കുത്തിയിരുന്ന് അരച്ച മാവ് വീണ്ടും അരയ്ക്കുന്നതുപോലെ ഒരേ ജോലി ചെയ്യുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഡിഗ്രിയും പിജിയുമൊന്നും തല്ക്കാലം മനസിലില്ല.
ജൂലായ്ക്കാറ്റ്
മനോഹരമായ ഒരു പ്രണയചിത്രം. കമിതാക്കള്‍ക്ക് ഏറ്റവും നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സബ്ജക്ടാണ് ജൂലായിക്കാറ്റിന്റേത്. കളരിയാണ് ആദ്യത്തെ തമിഴ് ചിത്രം. തിയറ്ററില്‍ നല്ല റെസ്പോണ്‍സ് കിട്ടിയിരുന്നു. മലയാളത്തിനും തമിഴിനും തുല്യ പ്രാധാന്യമാണു നല്‍കുന്നത്. മികച്ച വേഷങ്ങള്‍ ഏതു ഭാഷയിലായാലും കണ്ണുമടച്ചു സ്വീകരിക്കുക.
അതാണ് എന്റെ നയം. തീവണ്ടിയിലെ ലിപ്ലോക്കുപോലെ ജൂലായിക്കാറ്റില് ഒരു ബെഡ് റൂം സീക്വന്‍സുണ്ട്. കഥയുമായി വളരെ ഇഴുകിച്ചേര്ന്നുനില്ക്കുന്നതാണ് ആ സീന്‍. സിനിമ കാണാത്തവര്‍ക്ക് ആ രംഗം വളരെ അരോചകമായി തോന്നിയേക്കാം. പക്ഷേ, ഞാന്‍ അതു മൈന്‍ഡ് ചെയ്യുന്നില്ല. കഥയ്ക്ക് ആവശ്യമുള്ളത് നല്കാന് ബാധ്യസ്ഥരാണ് അഭിനേതാക്കള്‍. തുടക്കക്കാരിയായിട്ടും ലില്ലിപോലെയുള്ള പരീക്ഷണങ്ങളില്‍ സഹകരിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിന്തയാണ്.
കളരിയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തികഞ്ഞ പുതുമുഖമാണ്. അതുകൊണ്ടുതന്നെ ഭൂരിഭാഗം സമയങ്ങളിലും സെറ്റില്‍ ടെന്‍ഷനടിച്ച് ഇരിക്കുകയായിരുന്നു പതിവ്. ഒട്ടും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയെ തുടര്‍ന്ന് മലയാളത്തില്‍ തിരക്കാവുകയും ചെയ്തു. ജൂലായിക്കാറ്റാണ് ആസ്വദിച്ചു ചെയ്ത ചിത്രം.
ശബ്ദം നല്ലത്, പക്ഷേ, പാടില്ല
നല്ല ശബ്ദമാണ് എന്നു പലരും പറയുന്നു. പക്ഷേ, ആ അഭിപ്രായം മുന്‍നിര്‍ത്തി സിനിമയില്‍ പാടാനൊന്നും ഞാനില്ല. ഒരുവിധം ശബ്ദം നല്ലതെങ്കില്‍ സിനിമയില്‍ പാടുന്നതു നടികള്‍ക്കിടയില്‍ സാധാരണമായിരിക്കുന്നു. പക്ഷേ, ആ അതിക്രമത്തിന് തല്ക്കാലം ഞാനില്ല. തെറ്റില്ലാത്ത രീതിയില്‍ അഭിനയിക്കാനറിയാം. അതു രാകി മിനുക്കി മികച്ച അഭിനേത്രിയായി മാറണം. അതുമാത്രമാണു ലക്ഷ്യം. അതിനിടയില്‍ പാട്ടുപാടി പേരെടുക്കാനൊന്നും ഞാനില്ല.
കല്യാണം, എനിക്കോ?
ഇപ്പോള്‍ സിനിമയിലേക്ക് കാലെടുത്തുവച്ചിരിക്കുന്നവളാണു ഞാന്‍. ഈ അവസരത്തില്‍ കല്യാണത്തെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ മഹാപാപം. നായികാ പ്രാധാന്യമുള്ള കുറച്ചു വേഷങ്ങള്‍, വമ്പന്‍ നായകന്മാര്ക്കൊപ്പം കുറേ കഥാപാത്രങ്ങള്‍- ലക്ഷ്യങ്ങള്‍ ഇതൊക്കെയാണ്. ആഗ്രഹിച്ചതു നേടുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത സ്വഭാവമാണു പണ്ടു മുതലേ. ഈ ലക്ഷ്യങ്ങള്‍ നിറവേറിക്കഴിഞ്ഞാല്‍ അടുത്ത സ്റ്റെപ്പ് കുടുംബജീവിതമാണ്. അതിനിനിയും ഒരുപാടു വര്‍ഷങ്ങള്‍ എടുക്കും.