വോക്കിംഗ് ഇൻ ദ മൂണ്‍ ലൈറ്റ് ഐ ആം തിങ്കിംഗ് ഓഫ് യു.., അവ്വാ അവ്വാ.. 2000ൽ റിലീസായ ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയിലെ നായിക അശ്വതി ഇന്നും മനസിന്റെ ഫ്രെയിമുകളിലേക്കു കടന്നുവരുന്നത് ഈ പാട്ടുകളിലൂടെയാണ്. 2017ൽ ഫഹദിന്റെ ‘റോൾമോഡൽസി’ലൂടെ സിനിമയിലേക്കു തിരിച്ചുവന്ന അശ്വതി രജിഷ വിജയന്റെ ‘ജൂണ്‍’, അൻവർ റഷീദിന്റെ ‘ട്രാൻസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാവുകയാണ്.
“ഞാൻ വന്ന കാലത്തു നിന്ന് ടെക്നിക്കലായി ഏറെ പുരോഗമിച്ചിട്ടുണ്ട് ഇന്നത്തെ സിനിമ. കഥ പറയുന്ന ഗ്രാമറും ഇന്നു വളരെ വ്യത്യസ്തമാണ്. മഹേഷിന്റെ പ്രതികാരം, പറവ, തൊണ്ടിമുതലും ദൃക്സാക്ഷിയും… വളരെ സിംപിളായ കഥകൾ. എല്ലാവർക്കും റിലേറ്റ് ചെയ്യാനാകുന്ന കഥകളും കഥാപാത്രങ്ങളും. കഥാപാത്രങ്ങൾക്ക് അത്യാവശ്യം പ്രാധാന്യം കൊടുക്കുന്ന കഥകൾ. ആ ഒരു മാറ്റം എനിക്കു നന്നായി ഫീൽ ചെയ്തു. ഇപ്പോൾ സിനിമയിലേക്കു തിരിച്ചുവരാനായതു വലിയ ഭാഗ്യമെന്നു കരുതുന്നു. നല്ല കഥാപാത്രങ്ങൾ കിട്ടുമെന്നുള്ള പ്രാർഥനയിലാണു ഞാൻ…”
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമാണവും അഹമ്മദ് കബീർ സംവിധാനവും നിർവഹിച്ച ജൂണിൽ രജിഷയുടെ അമ്മയായി വേഷമിട്ട അശ്വതി മേനോൻ സംസാരിക്കുന്നു.
സത്യം ശിവം സുന്ദരം
പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. ഡിഗ്രിയും എംഎയും ചെയ്യണമെന്ന വിചാരത്തിലാണ് നാട്ടിലേക്കു വന്നത്. സെന്റ് തെരേസാസിൽ ഞാൻ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. കോളജിൽ എന്റെ ജൂണിയറായിരുന്നു നിർമാതാവ് സിയാദ് കോക്കറിന്റെ നീസ് മൈമൂണ്‍. മൈമൂണാണ് എന്നെക്കുറിച്ച് സിയാദ് ഇക്കയോടു പറഞ്ഞത്. തുടർന്നു റാഫിക്ക വീട്ടിൽവന്നു സംസാരിച്ചു.
സ്ക്രീൻ ടെസ്റ്റിനുശേഷമാണ് റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത സത്യം, ശിവം, സുന്ദരത്തിൽ നായികയായത്. കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. എന്റെ കഥാപാത്രം വിജയലക്ഷ്മി (വിജി).
വീണ്ടും ദുബായിൽ; കോർപ്പറേറ്റ് ഫീൽഡിൽ
പിന്നീട് എം. മുകുന്ദന്റെ കഥയുടെ ചലച്ചിത്രാവിഷ്കാരം ‘സാവിത്രിയുടെ അരഞ്ഞാണ’ത്തിൽ നായികയായി. കഥാപാത്രം സാവിത്രി. തെങ്കാശിപ്പട്ടണത്തിന്റെ തമിഴിലും അഭിനയിച്ചു. പിന്നീടു ചെയ്ത ‘ശംഭോ മഹാദേവ’ റീലീസായില്ല. ഈ സിനിമകൾ ചെയ്തതു പഠിത്തത്തിന്റെ ഇടയിലായിരുന്നു. തുടർന്നു നല്ല കഥാപാത്രങ്ങൾക്കു വേണ്ടി കുറച്ചു കാത്തിരുന്നു. പക്ഷേ, വിചാരിച്ചതുപോലെ നല്ല കഥാപാത്രങ്ങളൊന്നും വന്നില്ല. പടങ്ങളൊന്നും വരാതായപ്പോൾ ടെൻഷനായി. ഞാൻ തിരിച്ചു ദുബായിലേക്കു മടങ്ങി.
കുറച്ചു നാൾ കൂടി നിന്നിരുന്നെങ്കിൽ ചിലപ്പോൾ പടങ്ങൾ കിട്ടിയേനെ. പക്ഷേ എനിക്കു ക്ഷമ കുറവായിരുന്നു! ദുബായിൽ എംആർ പ്രോപ്പർട്ടീസ് എന്ന കന്പനിയിൽ അഡ്മിനിസ്ട്രേറ്ററായി ജോലികിട്ടി. ഒരു വർഷത്തിനുശേഷം ആക്സിക്കോ പ്രോപ്പർട്ടീസ് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയിലേക്കു മാറി. കോർപ്പറേറ്റ് ഫീൽഡിൽ എന്റെ വളർച്ച അവിടെ നിന്നു തുടങ്ങി. ഫ്രണ്ട് ഡെസ്കിൽ വർക്ക് ചെയ്തു തുടങ്ങിയ ഞാൻ കസ്റ്റമർ സർവീസ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മാർക്കറ്റിംഗ് ഹെഡായി.
ദുബായിലെ നാടകവേദികൾ
ദുബായിൽ ആയിരുന്നപ്പോഴും പുതിയ പടങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു. അഭിനയം എന്റെ പാഷനാണ്. അതുകൊണ്ടു തന്നെയാവും ദുബായിൽ ഇംഗ്ലീഷ് നാടകങ്ങളിൽ സജീവമാകാനായത്. സിനിമയില്ലെങ്കിലും അഭിനയം തുടരാനായതു തിയറ്റർ ഉള്ളതുകൊണ്ടുതന്നെയാണ്. എപ്പോഴുമുള്ള നിരീക്ഷണത്തിലൂടെയും അന്യോന്യമുള്ള കൊടുക്കൽവാങ്ങലുകളിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്ന കലയാണല്ലോ അഭിനയം.
ദുബായിലെ നാടകവേദികളിൽ രണ്ടു മാസമാണ് ഒരു പ്രൊഡക്ഷൻ. അത്രയും നാൾ ഒരു കഥാപാത്രമായി ശരിക്കും ജീവിക്കുക തന്നെയാണ്. നാലഞ്ചു നാടകങ്ങളിൽ എനിക്ക് അഭിനയിക്കാനായി. അഭിനയം എന്റെ കൈയിൽ നിന്നു വിട്ടുപോകാതെ നിന്നു. അബുദാബിയിൽ നാടകങ്ങളിൽ സജീവമായ കാലത്ത് ന്യൂയോർക്ക് ഫിലിം അക്കദമിയുടെ സ്കോളർഷിപ്പ് കിട്ടി. അഭിനയം മാത്രമല്ല സ്ക്രീൻ പ്ലേയും സൗണ്ടും…എല്ലാം ഒരു കോഴ്സ് പോലെ പഠിക്കാനുമായി.
സിനിമയിൽ ഒരു കൈ നോക്കിക്കൂടെ എന്നു ഭർത്താവു ചോദിച്ചു. പതിനേഴു വർഷത്തിനുശേഷം മടങ്ങിവന്നാൽ ഓഫറുകൾ കിട്ടുമോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ടായിരുന്നു. എന്നാലും ഒന്നുശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. നാട്ടിലേക്കു മടങ്ങും മുൻപ് ഞാൻ സിയാദിക്കയെ വിളിച്ചു സംസാരിച്ചിരുന്നു.
റോൾമോഡൽസിലെ ലൂസ് ലൂസി
നാട്ടിലെത്തിയശേഷം റാഫിക്കയെ വിളിച്ചു. അദ്ദേഹം അപ്പോൾ ഗോവയിൽ ഫഹദിന്റെ ‘റോൾ മോഡൽസ്’ ഷൂട്ടിലായിരുന്നു. നാട്ടിൽ തിരിച്ചുവന്നിട്ടുണ്ട്, വേഷമുണ്ടെങ്കിൽ ഓർക്കണം – ഞാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് റാഫിക്ക വിളിച്ച് ഒരു സെൽഫി അയയ്ക്കാൻ പറഞ്ഞു. വീണ്ടും വന്നു റാഫിക്കയുടെ കോൾ. റോൾ മോഡൽസിൽ റാഫിക്കയുടെ പെയറായി ലൂസ് ലൂസി എന്ന വേഷം ചെയ്യാൻ വിളിച്ചു. അങ്ങനെ ഞാനും പപ്പയും ഗോവയ്ക്കു പോയി.
രണ്ടു ദിവസത്തെ വർക്കിനു പോയ ഞാൻ പത്തു പന്ത്രണ്ടു ദിവസത്തെ ഷൂട്ടിനുശേഷമാണു മടങ്ങിയത്. കോമഡി വേഷമായിരുന്നു. അങ്ങനെ തിരിച്ചുവരവിന് അവസരമുണ്ടായി. അതിനിടെ സാവിത്രിയുടെ അരഞ്ഞാണം സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോളർ സന്തോഷ് വഴി അനീഷ് ഉപാസനയെ പരിചയപ്പെട്ടു. അനീഷാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. ഷിബു സുശീലൻ ഉൾപ്പെടെയുള്ള പ്രൊഡക്ഷൻ കോർഡിനേറ്റർമാരെ പരിചയപ്പെടുത്തിയതും അനീഷാണ്.
തുടർന്നു നിസാർ സാർ സംവിധാനം ചെയ്ത ലാഫിംഗ് അപ്പാർട്ട്മെന്റിൽ രമേഷ് പിഷാരടി സാറിന്റെ ഭാര്യവേഷം. കോട്ടയം നസീറിക്ക, ധർമജൻചേട്ടൻ, സലീമേട്ടൻ എന്നിവർക്കൊപ്പം അഭിനയിക്കാൻ അവസരമുണ്ടായി.
ട്രാൻസിനായി മുടി മുറിച്ചു
ഇടയ്ക്ക് ദുബായിലെ അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് അൻവർ റഷീദ് സാറിന്റെ ട്രാൻസിൽ നിന്നു കോൾവന്നത്. ഫഹദ് ഫാസിലിനൊപ്പമുള്ള നല്ല വേഷം. കഥാപാത്രത്തിനുവേണ്ടി മുടിവെട്ടാൻ റെഡിയാണോ എന്നു സാർ ചോദിച്ചു. ഒരു പ്രശ്നവുമില്ലെന്നും കഥാപാത്രത്തെ അതിലൂടെ എത്രത്തോളം ലൈവ് ആക്കാൻ പറ്റുമോ അതിനു ഞാൻ റെഡിയാണെന്നും പറഞ്ഞു. തിരിച്ചു ഞാൻ നാട്ടിൽ വന്ന് മുടി വെട്ടിയശേഷം പോയതു ട്രാൻസിന്റെ സെറ്റിലേക്കാണ്.
ജൂണിലെ മിനി
ട്രാൻസിനുശേഷമാണ് വിജയ് ബാബു സാറിന്റെ ‘ജൂണി’ൽ നിന്ന് ഓഫർ വന്നത്. പ്രൊഡക്ഷൻ കോർഡിനേറ്റർ ഷിബു സുശീലനാണ് വിളിച്ചത്. വിജയ് ബാബു സാറിനെ നേരിൽക്കണ്ടു. അദ്ദേഹം കഥ പറഞ്ഞു. അപ്പോൾത്തന്നെ എനിക്കു തിരിച്ചറിയാനായ ഒരു കഥാപാത്രമായിരുന്നു അത്. രജിഷയുടെ കഥാപാത്രമാണ് ജൂണ്‍. രജിഷയുടെ അമ്മവേഷമാണ് എനിക്ക്. മിനി ജോയ് എന്നാണു കഥാപാത്രത്തിന്റെ പേര്. അച്ഛനായി ജോജു ജോർജ്. കഥാപാത്രം പനാമ ജോയ്. ജോയ്യുടെയും മിനിയുടെയും ഏക മകളാണ് ജൂണ്‍. ജൂണ്‍ മാസത്തിൽ ജനിച്ചതുകൊണ്ടാണ് മകൾക്ക് ജൂണ്‍ എന്നു പേരിട്ടത്.
ജൂണ്‍ പറയുന്നത്
ജൂണിന്റെ ചെറിയൊരു ലോകം – അച്ഛൻ, അമ്മ, സുഹൃത്തുക്കൾ, പിന്നെ അവൾ മുതിർന്നതിനുശേഷമുള്ള അവളുടേതായ ലോകം. ഇതാണ് ജൂണിന്റെ കഥ. വളരെ ലളിതവും മനോഹരവുമായ കഥ. കാഴ്ചക്കാരന്റെ മനസിൽതട്ടുന്ന ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുടെ ലോകമാണ് ജൂണ്‍ തുറന്നിടുന്നത്.
ജൂണിന്റെ സ്കൂൾ ജീവിതം, കോളജ് ജീവിതം, അവൾ താനേ സ്വതന്ത്രയായിത്തീർന്നതിനുശേഷമുള്ള അവളുടെ ജീവിതം. ഇതിനെല്ലാമിടയിലൂടെ അവളുടെ ജീവിതത്തിലേക്കു കടന്നുവരുന്ന പുരുഷന്മാർ. അവളുടെ നിഷ്കളങ്കമായ ലവ്, കോളജിലുളള ലവ്, അവൾ വർക്ക് ചെയ്യുന്ന സമയത്തുള്ള ലവ്… ജൂണ്‍ പ്രായപൂർത്തിയാകുന്പോൾ ഉണ്ടാകുന്ന പ്രണയം…ഇതെല്ലാമാണ് ജൂണ്‍ എന്ന സിനിമ പറയുന്നത്.
ജൂണിലെ നായകന്മാർ
അഹമ്മദ് കബീറിന്റെ ആദ്യ പടമാണ്. പക്ഷേ, പുതുമുഖ സംവിധായകന്റെ പടമാണെന്നു പറയില്ല. അത്രമേൽ മനോഹരമാണ് ജൂണിന്റെ മേക്കിംഗ്. ജൂണ്‍ ഒരു ഫാമിലി എന്റർടെയ്നറാണ്. നമ്മുടെ സ്കൂൾ, കോളജ് ജീവിതം, കരിയറിനു വേണ്ടി നമ്മൾ ചെയ്യുന്ന ത്യാഗങ്ങൾ.. ഇതെല്ലാമായി ബന്ധിപ്പിക്കാനാകുന്ന കഥയാണിത്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണു ജൂണ്‍. ഒരമ്മ മകൾക്കു നല്കുന്ന കരുതലും സംരക്ഷണവും എത്രത്തോളമാണെന്നു പറയുന്ന സിനിമകൂടിയാണിത്.
സർജാനു ഖാലിദ്, അർജുൻ അശോകൻ എന്നിവരാണു നായകന്മാർ. പുതുമുഖമാണ് സർജാനു. നോയൽ എന്നാണു കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ഒടുവിൽ നായകവേഷത്തിൽ ഒരു കാമിയോ സാന്നിധ്യവുമുണ്ട്.
അമ്മയും വാവയും
സെറ്റിൽവച്ചാണു രജിഷയുമായി പരിചയപ്പെട്ടത്. രജിഷയല്ല യഥാർഥത്തിൽ സെറ്റിൽ വന്നത്, ജൂണ്‍ എന്ന കഥാപാത്രമാണ്! പ്രമോഷനിടയിലും അറിയാതെ രജിഷയെ വാവയെന്നും എന്നെ തിരിച്ച് അമ്മേ എന്നുമാണ് ഞങ്ങൾ പരസ്പരം വിളിച്ചിരുന്നത്.
സെറ്റിൽ നിന്നു വീട്ടിൽ പോകുന്പോൾ അവൾക്കും കുറച്ച് അസ്വസ്ഥമായ ഫീലിംഗ് ആയിരുന്നു. കാരണം, സെറ്റിൽ അച്ഛനും അമ്മയുമായി ഫുൾ ടൈം ജോജു ചേട്ടനും ഞാനുമായിരുന്നു കൂടെ. വീട്ടിലെത്തിയാൽ സ്വന്തം അച്ഛനുമായി തുറന്നുസംസാരിക്കാൻ ഏറെ ബുദ്ധിമുട്ട്! സാധാരണ രജിഷയും അച്ഛനും ഏറെ കന്പനിയാണെന്നാണ് അവൾ പറയാറുള്ളത്. രജിഷ അത്രമേൽ ശ്രദ്ധയും സമർപ്പണവും നല്കിയ കഥാപാത്രമാണ് ജൂണ്‍.
ജൂണിലെ കോട്ടയം അച്ചായത്തി
വളരെ സാധാരണക്കാരിയായ ഒരമ്മ എങ്ങനെയാണോ അങ്ങനെയാണ് ജൂണിലെ എന്റെ വേഷം. എനിക്കു പെർഫോം ചെയ്യാൻ സ്കോപ്പുള്ള വേഷം. ഒരു കോട്ടയം അച്ചായത്തി. കുറച്ചു ചലഞ്ചിംഗ് റോളാണ്. കോട്ടയം ഭാഷയിലാണ് എന്റെ കഥാപാത്രം സംസാരിക്കുന്നത്. അശ്വതിക്ക് ഇങ്ങനെയും ആവാമല്ലോ എന്ന് ആളുകൾ ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ.
ജോജു ചേട്ടനൊപ്പം
ജോജുചേട്ടനൊപ്പമുള്ള സീനുകളിൽ അഭിനയമെന്നു ചിന്തിക്കുകയേ വേണ്ട. നമ്മൾ എന്താണോ അങ്ങനെതന്നെ സ്വാഭാവികമായി ചെയ്താൽമതി. ആ കോംബിനേഷനിൽ സ്വാഭാവികമായിത്തന്നെ ഡയലോഗു വരും. നമ്മൾ അഭിനയിച്ചു എന്ന ഫീലിംഗ് ഒട്ടുമില്ല. ജോജു ചേട്ടനൊപ്പം അഭിനയിക്കുന്പോൾ എനിക്കു വളരെ സന്തോഷമായിരുന്നു. ജൂണിന്റെ സമയത്തായിരുന്നു ജോസഫിന്റെയും പ്രൊഡക്ഷൻ. ജോസഫ് എന്ന പടത്തിൽ ജോസഫിന്റെ വൈഫിനു ഞാനാണു ഡബ്ബ് ചെയ്തത്.
രജിഷയ്ക്കൊപ്പം
ഒപ്പം അഭിനയിക്കുന്പോൾ നല്ല സ്പേസാണ് രജിഷ തരുന്നത്. ഒരു ആർട്ടിസ്റ്റിനൊപ്പം നിൽക്കുന്പോൾ കൂടുതൽ അഭിനയിക്കുക എന്നതിനപ്പുറം റിയാക്ഷനും ഇൻട്രാക്ഷനുമാണല്ലോ സംഭവിക്കേണ്ടത്. അത്തരം ഇൻട്രാക്ഷനും റിയാക്ഷനും രജിഷയിൽ നിന്നും ജോജു ചേട്ടനിൽ നിന്നും വളരെ നന്നായി കിട്ടിയിരുന്നു. ജൂണിൽ എന്റെ കോംബിനേഷനുകൾ അധികവും രജിഷയ്ക്കും ജോജു ചേട്ടനൊപ്പവും ആയിരുന്നു.
പുതിയ കാലത്തെ സിനിമകൾ
ഞാൻ അഭിനയം തുടങ്ങിയ സമയത്തു കാമറ റോളിംഗാണ്. അന്നു ഡിജിറ്റലല്ല. ഇപ്പോൾ മോണിട്ടേഴ്സുണ്ട്. അതിൽ എല്ലാം കാണാം. പലപല ലെൻസുകളുണ്ട് ഇപ്പോൾ. ഫ്രെയിമുകളൊക്കെ എങ്ങനെയാണെന്ന് അറിയാം. സാങ്കേതികപരമായിട്ടാണ് ഇന്നത്തെ സിനിമയുടെ മാറ്റം.
ട്രാൻസ് വിശേഷങ്ങൾ
ട്രാൻസിൽ വളരെ വ്യത്യസ്തമായ റോളാണ്. അതിലും അമ്മ വേഷമാണ്. ഏറെ ചെറുപ്പമായിട്ടുള്ള മാർക്കറ്റിംഗ് ലേഡിയാണ് എന്റെ കഥാപാത്രം. കോർപറേറ്റ് പശ്ചാത്തലത്തിൽ മുംബൈയിലുള്ള ഒരു കഥാപാത്രം. എന്റെ എല്ലാ കോംബിനേഷനുകളും ഫഹദിനൊപ്പമാണ്. ട്രാൻസിൽ റസൂൽ പൂക്കുട്ടിയുടെ ടീമാണ് ശബ്ദലേഖനം നിർവഹിച്ചത്. അതിൽ സിങ്ക് സൗണ്ടാണ്. അതിനാൽ ട്രാൻസിൽ എനിക്കു ഡബ്ബിംഗ് ഇല്ല. വലിയ അനുഭവം തന്നെയാണ് അത്.
ഫഹദിനൊപ്പം രണ്ടു സിനിമ
റോൾ മോഡൽസിൽ ഫഹദിനൊപ്പം അഭിനയിച്ചെങ്കിലും എഡിറ്റിംഗിൽ പല സീനുകളും ഒഴിവാക്കിയിരുന്നു. പക്ഷേ, ട്രാൻസിൽ ഫഹദിനൊപ്പം വളരെ നന്നായി ഇംപ്രോവൈസേഷൻ ചെയ്ത് അഭിനയിക്കാനായി. ഫഹദിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണു ട്രാൻസ്. അതും വളരെ നല്ല അനുഭവമായിരുന്നു.
ട്രാൻസ് കൂടി ഇറങ്ങുന്നതോടെ എന്നിലെ അഭിനേത്രിക്കു ബഹുമുഖത്വം കൈവരുമെന്നു പ്രതീക്ഷിക്കുന്നു. നല്ല കഥാപാത്രങ്ങൾ വരുമെന്നു വിശ്വസിക്കുന്നു. കാരണം, ട്രാൻസിൽ കുറേക്കൂടി മോഡേണ്‍ ആണ്.
രണ്ടാംവരവിലെ ചലഞ്ച്..
എല്ലാ പടങ്ങളിലും എനിക്ക് അത്യാവശ്യം ചലഞ്ച് ഉണ്ടായിരുന്നു. റോൾ മോഡൽസ് ചെയ്യുന്പോൾ കോമഡി. അതിൽ എനിക്കു കോമഡി ചെയ്യാനായി. ലാഫിംഗ് അപ്പാർട്മെന്റിൽ രമേഷ് പിഷാരടി ചേട്ടനൊപ്പം അഭിനയിക്കുന്പോൾ എന്റെ കഥാപാത്രം കുറച്ചു സീരിയസ് ആയിരുന്നു. വർക്കിംഗ് ലേഡിയുടെ കഥാപാത്രം. ഭർത്താവുമായി നല്ല സ്നേഹമൊക്കെയാണെങ്കിലും സ്വതന്ത്രയായ ഒരു വർക്കിംഗ് വുമണ്‍. ജൂണിൽ അമ്മവേഷം. ട്രാൻസിൽ കുറച്ചു മോഡേണും വ്യത്യസ്തവുമായ വേഷം.
സിനിമയിലേക്കു തിരിച്ചുവന്നപ്പോൾ കുറച്ച് ഈസിയായി കാമറയ്ക്കു മുന്നിൽ അഭിനയിക്കാനായതിൽ ദുബായിലെ നാടകവേദികളോടു നന്ദി. തിയറ്ററും ന്യൂയോർക്ക് ഫിലിം അക്കാദമി നല്കിയ സ്കോളർഷിപ്പും തിരിച്ചുവരവിൽ ആത്മവിശ്വാസം പകർന്നു.
വീട്ടുവിശേഷങ്ങൾ
ഭർത്താവ് വികാസ് എച്ച്ആർ സ്പെഷലിസ്റ്റാണ്. അടുത്തിടെ ദുബായിൽ നിന്നു നാട്ടിലേക്കു മടങ്ങിയെത്തി. അദ്ദേഹത്തിന്റെ വലിയ പിന്തുണയുള്ളതുകൊണ്ടാണ് ഞാൻ സിനിമയിലേക്കു തിരിച്ചുവന്നത്. എന്റെയും വികാസിന്റെയും അച്ഛനമ്മമാരുടെ പ്രോത്സാഹനവും പോസിറ്റിവിറ്റിയും സപ്പോർട്ടും ഉള്ളതുകൊണ്ടു തന്നെയാണ് ഞാൻ തിരിച്ചുവന്നത്. ജോസഫിൽ ഒരു പോലീസ് ഓഫീസറിനുവേണ്ടി വികാസാണു ഡബ്ബ് ചെയ്തത്. വികാസ് ഒരു ഷോർട്ട് ഫിലിമും ചെയ്തിട്ടുണ്ട്. ഞങ്ങൾ എറണാകുളത്താണു താമസം.
ടി.ജി.ബൈജുനാഥ്