കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടയത്തു ചേർന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 437 അംഗ സംസ്ഥാന കമ്മിറ്റിയിൽ 325 പേർ യോഗത്തിൽ പങ്കെടുത്തെന്ന് ജോസ് കെ. മാണി വിഭാഗം അവകാശപ്പെട്ടു.
പാർട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിത മാർഗത്തിലൂടെയാണ് യോഗം വിളിച്ചതെന്നാണു ജോസ് കെ. മാണി അവകാശപ്പെടുന്നത്. കോട്ടയത്തു ചേരുന്നതു ബദൽ സംസ്ഥാന സമിതിയല്ലെന്നും കേരള കോണ്‍ഗ്രസ് ചെയർമാനെ യോഗം നിശ്ചയിക്കുമെന്നും യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണി പ്രതികരിച്ചു.
യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് എംഎൽഎമാർക്കും എംപിമാർക്കും കത്തയച്ചിരുന്നു. ഇ-മെയിലായാണു ജോസഫ് സന്ദേശം കൈമാറിയത്. ചെയർമാന്റെ ചുമതല വഹിക്കുന്ന തനിക്കാണു സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്നും ജോസ് കെ. മാണി സ്വയം പുറത്തുപോകുന്ന അവസ്ഥയാണുള്ളതെന്നും ജോസഫ് പറയുന്നു.
ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ടു നേരിടാനാണു ജോസഫിന്റെ നീക്കം. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും യോഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.