പാലക്കാട്: പി.കെ. ശശി എംഎൽഎയ്ക്കെതിരേ സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേതൃത്വത്തിനു പീഡന പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാനേതാവ് സംഘടനാ ചുമതലകളിൽനിന്ന് രാജിവച്ചു. ഡി വൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽനിന്നാണ് ഒഴിവായത്. എന്നാൽ, സംഘടനയിൽ തുടരുമെന്ന് യുവതി പറഞ്ഞു.
ജില്ലാ നേതൃത്വം രാജി സ്വീകരിച്ചത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എംഎൽഎയ്ക്കെതിരെ പരാതി നൽകിയശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽനിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു.
തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂല നിലപാടെടുത്തതിന്റെ പേരിൽ മണ്ണാർക്കാട്ടുനിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
കൂടാതെ സംഘടനാ വേദികളിലും സമൂഹമാധ്യമങ്ങളിലും തന്നെ അവഹേളിക്കുകയും എംഎൽഎക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്ത മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയെ സംഘടനാ പുനഃസംഘടനയ്ക്കുശേഷം ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണു സംഘടനാ ചുമതലകളിൽനിന്ന് രാജിവയ്ക്കുന്നത്-അവർ പറഞ്ഞു.