ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനു ദീർഘകാല കർമപരിപാടികളുമായി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മറികടക്കാനും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താനുമുള്ള പരിപാടികളാണ് ആലോചനയിൽ. നേതാക്കളും പ്രവർത്തകരും തമ്മിലുള്ള അകലം പരാജയത്തിനു കാരണമായെന്നു ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന യോഗങ്ങളിൽ വിമർശനമയുർന്നിരുന്നു.
ഈ സാഹചര്യത്തിൽ പ്രവർത്തകർക്കൊപ്പം നിന്നു പോരാടാനാണു പ്രിയങ്കയുടെ തീരുമാനം. ആഴ്ചയിൽ രണ്ടുതവണ പ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്കാണു പദ്ധതി. സംസ്ഥാനത്ത് നിരന്തരം സന്ദർശനത്തിനും പ്രിയങ്ക തയാറെടുക്കുകയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഉടൻ ഉപതെരഞ്ഞെടുപ്പു നടക്കുന്നതും പ്രിയങ്കയുടെ തീരുമാനത്തിനു പിന്നിലുണ്ട്. ഈ മണ്ഡലങ്ങളിലെ പ്രതിനിധികൾ ലോക്സഭയിലേക്കു വിജയിച്ചതിനെത്തുടർന്നാണിത്.