തൃശൂർ: അകത്തിടുന്ന വസ്ത്രങ്ങൾ പുറത്തുകാണിക്കുന്നതിൽ അഭിമാനിക്കുന്നവരാണ് കുരിശിൽ അടിവസ്ത്രമിട്ടുള്ള കാർട്ടൂണിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു മുറവിളി കൂട്ടുന്നതെന്ന് അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ.
കേരള ലളിത കലാ അക്കാദമിക്കു മുന്നിൽ തൃശൂർ അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിശ്വാസികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതചിഹ്നങ്ങളേയും വിശ്വാസ പ്രതീകങ്ങളേയും അവഹേളിച്ച കാർട്ടൂണിന് ലളിതകലാ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് നടക്കുന്പോൾ അക്കാദമി മന്ദിരത്തിൽ ഭരണസമിതിയോഗം ആരംഭിച്ചിട്ടുണ്ടായിരുന്നു.
കുരിശിനെ അവഹേളിക്കുന്നതും അതിനെതിരായി പ്രതിഷേധ സമരം നടത്തുന്നതും പുതിയ സംഭവമല്ല. രണ്ടായിരം വർഷമായി കുരിശിനെതിരായ അവഹേളനം തുടരുന്നു. കുരിശിന്റെ ശത്രുക്കൾ അനേകരുണ്ട്. ഉദരമാണ് അവരുടെ ദൈവം.
വയറ്റിപ്പിഴപ്പിനായാണ് അവർ കുരിശിനെ അവഹേളിക്കുന്നത്. എന്നാൽ കുരിശിനെ അവഹേളിക്കുന്നതിനെ സർക്കാരും ലളിതകലാ അക്കാദമിയും പുരസ്കാരം നൽകി പ്രോൽസാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. നമ്മുടെ വിശ്വാസത്തിന്റെ നെഞ്ചത്തുകയറി നിന്ന് അവഹേളന നൃത്തമാടുന്നതിനെ എല്ലാ മതവിശ്വാസികളും എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, അതിരൂപതാ പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകളം, പാലക്കാട് രൂപതാ പ്രസിഡന്റ് തോമസ് ആന്റണി, തൃശൂർ അതിരൂപതാ ഭക്തസംഘടനാ ഏകോപന സമിതി പ്രസിഡന്റ് എ.എ. ആന്റണി, രൂപതാ ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, എൻ.പി. ജാകസൻ, ജോഷി വടക്കൻ, സി.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്ററൽ സെന്ററിൽനിന്ന് ആരംഭിച്ച മാർച്ച് വികാരി ജനറൽ ഫാ. ജോസ് വല്ലൂരാൻ ഫ്ളാഗ് ഓഫ് ചെയ്തു. വികാരി ജനറൽ മോണ്‍ തോമസ് കാക്കശേരി, ഫാ. ജിയോ കടവി, സി.എൽ. ഇഗ്നേഷ്യസ്, ജോണ്സണ് ജോർജ്, സി.ജെ. ജയിംസ്, കെ.സി. ഡേവിസ്, ജോജു മഞ്ഞില, വിനേഷ് കൊളങ്ങാടൻ, ബൈജു ജോസഫ്, സിഎൽസി രൂപതാ പ്രസിഡന്റ് ജോമി ജോണ്സണ്, ടിൽജോ തരകൻ, ജോർജ് ചിറമ്മൽ, ജെസി ആന്റണി, റീത്ത ഡേവിസ്, ജയിംസ് ആഴ്ചങ്ങാടൻ, മേരി വിൻസെന്റ്, കരോളി ജോഷ്വ, ദേവസി ചെമ്മണൂർ തുടങ്ങിയവർ നേതൃത്വം നൽകി.