തമിഴ് സിനിമാരംഗത്തെ താരസംഘടനയായ നടികർ സംഘവുമായി ബന്ധപ്പെട്ട വാക്പോര് ഇനിയും അവസാനിക്കുന്നില്ല. നടികർ സംഘം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്പോൾ ഇരു വിഭാഗവും വ്യത്യസ്ത പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിശാലിന്റെ പാണ്ഡവ അണിയാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിശാൽ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോൾ വിവാദമാവുന്നത്. വീഡിയോയിൽ മുൻ പ്രസിഡന്റായ ശരത്ത് കുമാറിനെ വിശാൽ രൂക്ഷമായി വിമർശിച്ചിരുന്നു. പാണ്ഡവ അണിയുടെ നേട്ടത്തെ കുറിച്ച് പറയവെയാണ് വിശാൽ ശരത്ത് കുമാറിനെയും വിമർശിച്ചത്.
എന്നാൽ അനാവശ്യമായി തന്റെ അച്ഛനെ കുറ്റപ്പെടുത്തി സംസാരിച്ചതിൽ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ട്വിറ്ററിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിശാലിന്റെ ഉറ്റ സുഹൃത്ത് കൂടിയാണ് വരലക്ഷ്മി. ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്തരം ആരോപണം വിശാൽ നടത്താൻ പാടില്ലായിരുന്നു എന്ന് വരലക്ഷ്മി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ശരത്ത് കുമാർ മത്സരിക്കുക പോലുമില്ലാത്ത സാഹചര്യത്തിൽ അനാവശ്യമായി അദ്ദേത്തിന്റെ പേര് വലിച്ചിഴയ്ക്കേണ്ടതില്ലായിരുന്നു എന്നാണ് വരലക്ഷ്മി പറഞ്ഞത്.
തന്റെ പിതാവ് കുറ്റക്കാരനായിരുന്നുവെന്ന് നിയമം വിധിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് ശിക്ഷ കിട്ടിയേനെയെന്നും താരപുത്രി പറയുന്നു. അങ്ങനെയല്ലാത്ത സാഹചര്യത്തിൽ കൃത്യമായ രേഖകൾ പോലുമില്ലാതെ ഇത്തരത്തിൽ ചീപ്പ് പബ്ലിസിറ്റിയുമായി വന്നതിൽ സഹതാപമാണ് തോന്നുന്നതെന്നും വരലക്ഷ്മി കുറിച്ചിട്ടുണ്ട്. എല്ലാം തികഞ്ഞ സാത്വികനെന്ന മട്ടിൽ പെരുമാറരുത്.
നിന്റെ കള്ളത്തെക്കുറിച്ചും ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. നീ മഹാനായിരുന്നുവെങ്കിൽ ഒപ്പമുള്ളവർ നിന്നെ മാറ്റി നിർത്തുന്ന സാഹചര്യമുണ്ടാവില്ലായിരുന്നല്ലോയെന്നും വരലക്ഷ്മി ചോദിക്കുന്നുണ്ട്.
വിശാലിന് വോട്ട് ചെയ്യില്ലെന്നും ജീവിതത്തിലും നല്ലൊരു നടനാണെന്ന് നീ തെളിയിച്ചുകൊണ്ടിരിക്കുകയാന്നും സത്യം എന്നും ജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.
പത്രസമ്മേളനം നടത്തി ഇതിന് മറുപടി നൽകിയിരിയ്ക്കുകയാണ് വിശാൽ. അഭിപ്രായം പറയാനുള്ള സ്വാതന്ത്യം എനിക്ക് മാത്രമല്ല എന്റെ സുഹൃത്ത് വരലക്ഷ്മിക്കുമുണ്ട് എന്ന് വിശാൽ പറഞ്ഞു. നടികർ സംഘത്തിലെ അംഗങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
വിവാദങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്ത് തന്നെയായാലും വരുന്ന തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്- വിശാൽ പറഞ്ഞു