നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ സിനിമയിലേക്കു മടങ്ങിയെത്തുന്നു. 2010ൽ ലാൽ ജോസിന്റെ സിനിമയിലൂടെയായിരുന്നു ആൻ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ കേരളക്കരയുടെ സ്നേഹ വാത്സല്യങ്ങൾ സ്വന്തമാക്കിയ നടി പിന്നീട് ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ചു.
വളരെ കുറഞ്ഞ കാലയളവ് മാത്രമേ സിനിമയിൽ നിന്നിട്ടുള്ളുവെങ്കിലും ആൻ അഗസ്റ്റിൻ മലയാളത്തിലെ മുൻനിര നായികയായിരുന്നു. വിവാഹത്തോടെ കരിയറിന് ചെറിയ ബ്രേക്ക് ഇട്ട നടി വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. അതും കിടിലനൊരു സിനിമയിലൂടെയാണെന്നുള്ളത് ആരാധകരുടെ പ്രതീക്ഷ വർധിച്ചിപ്പിച്ചിരിക്കുകയാണ്.
2010 ലാണ് ആൻ സിനിമയിലേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച സിനിമ നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു. ടൈറ്റിൽ റോളായ എൽസമ്മ എന്ന കഥാപാത്രത്തെയായിരുന്നു ആൻ അവതരിപ്പിച്ചത്. 2010 ലെ ഏറ്റവുമധികം ഹിറ്റായ സിനിമകളിലൊന്നായിരുന്നു എൽസമ്മ എന്ന ആണ്‍കുട്ടി. നൂറ് ദിവസം തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.
നാലു കോടിക്ക് മുകളിൽ സിനിമയ്ക്ക് കളക്ഷൻ ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എൽസമ്മ എന്ന ആണ്‍കുട്ടി ഹിറ്റായതോടെ ആനിനെ തേടി നിരവധി സിനിമകളെത്തി. അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, വാദ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ഡാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, ആർട്ടിസ്റ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം ആൻ നായികയായിട്ടെത്തി. വിവാഹത്തോടെ സിനിമ വിട്ടു.
2014 ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായി ആൻ വിവാഹിതയാവുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ശേഷം രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ആനും ജോമോനും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ആൻ അഗസ്റ്റിൻ താത്കാലികമായി മാറി നിൽക്കുകയായിരുന്നു.
ജയസൂര്യയുടെ നായികയായിട്ടാണ് ആനിന്റെ തിരിച്ച് വരവെന്നാണ് സൂചന. വിജയ് ബാബുവിനൊപ്പം ജയസൂര്യ ഒരു സിനിമ ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം മുതൽ പറഞ്ഞിരുന്നു. സിനിമയുടെ പ്രഖ്യാപനം കാത്ത് ആരാധകരും അക്ഷമരായി ഇരിക്കുകയായിരുന്നു.
ഒടുവിൽ സത്യൻ മാഷിന്റെ ജീവിതം സിനിമയാക്കുകയാണ്. നവാഗതനതായ രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യുന്ന സിനിമ നടൻ വിജയ് ബാബുവിന്റെ നിർമാണ കന്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമ്മിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് ആൻ അഗസ്റ്റിനെ കണ്ടതോടെയാണ് നടി തിരിച്ച് വരുന്ന കാര്യം എല്ലാവരും അറിയുന്നത്. അതേ സമയം സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല.