ചിറ്റൂർ: വാഹനതിരക്കേറിയ പ്രധാനപാതകളിൽ നിയന്ത്രണമില്ലാതെ ആടുകളെ മേയാൻ വിടുന്ന ഉടമകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ. അഞ്ചും പത്തും ആട്ടിൻകൂട്ടങ്ങളെ റോഡുവക്കത്തെ പുല്ലുതിന്നുന്നതിനായിട്ടാണ് ഉടമകൾ വിടുന്നത്.
പലപ്പോഴും നിരത്തിലെ ആടുകളെ തെരുവുനായ്ക്കൾ ആക്രമിക്കാനും ശ്രമിക്കാറുണ്ട്. ഈ സമയത്ത് ആടുകൾ വാഹനങ്ങൾ വരുന്ന സമയങ്ങളിൽ എതിർവശത്തേക്ക് ഓടാറുണ്ട്. ഇതുകാരണം പെട്ടെന്നു വാഹനം നിർത്താൻ ശ്രമിക്കുന്നവർ അപകടത്തിൽപെടുന്നതും പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനയാത്രക്കാരാണ്.
അതേസമയം വാഹനംതട്ടിയവിവരമറിഞ്ഞ് സ്ഥലത്തെത്തുന്ന നാൽക്കാലികളുടെ ഉടമ വാഹനയാത്രക്കാരിൽ നിന്നും ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെടുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വിദൂരയാത്രക്കാരാണങ്കിൽ തുക കൊടുത്ത്് ഒഴിവാകുകയാണത്രെ പതിവ്.
മുൻകാലങ്ങളിൽ വളർത്തുമൃഗങ്ങളെ റോഡിലിറക്കിവിട്ടാൽ പിടികൂടി തദ്ദേശസ്ഥാപനങ്ങളിൽ പിടിച്ചുകെട്ടാൻ സൗകര്യമുണ്ടായിരുന്നു. പിഴ അടച്ചാലേ നാൽക്കാലികളെ തിരികെ ലഭിക്കുമായിരുന്നുള്ളൂ. ഈ സംവിധാനം നിലച്ചതോടെ നാട്ടുകാർ വളർത്തുമൃഗങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ അഴിച്ചുവിടുകയാണ്.