തൊടുപുഴ: ജോസ് കെ. മാണി എംപിയെ കേരള കോണ്ഗ്രസ്-എം ചെയർമാനായി തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടി കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുൻസിഫ് കോടതിയുടേതാണ് നടപടി. ജോസ് കെ. മാണി വിഭാഗത്തോട് എതിർത്ത് നിൽക്കുന്ന രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ചെയർമാൻ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചാണ് തൊടുപുഴ കോടതിയുടെ ഉത്തരവ്.
ചെയർമാൻ എന്ന നാമം പേരിനൊപ്പം ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പദവി ഉപയോഗിച്ച് കത്തയയ്ക്കരുതെന്നും ചെയർമാന്റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ജോസ് കെ.മാണി കേരള കോണ്ഗ്രസ്-എമ്മിന്റെ ചെയർമാൻ ആണെന്ന് കാണിച്ച് ഒരു വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണ ജോസിനുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന അംഗം കെ.ഐ.ആന്റണിയാണ് കത്ത് നൽകിയിരിക്കുന്നത്.
ഞായറാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേർന്നാണ് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. പിന്നാലെ പി.ജെ.ജോസഫ് വിഭാഗം ഇത് ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ വർക്കിംഗ് ചെയർമാനെ അധികാരമുള്ളൂ എന്നും പാർട്ടി ഭരണഘടന അനുസരിച്ചല്ല ജോസ് കെ.മാണി വിഭാഗം യോഗം വിളിച്ചതെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിനിടെയാണ് തർക്കം കോടതിയിലും എത്തിയിരിക്കുന്നത്.