ഗാന്ധിനഗർ: നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിനും ലാബുകൾക്കും സമീപം മാലിന്യക്കൂന്പാരം.ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ വക സ്ഥലമാണ് മാലിന്യം കൊണ്ടുനിറഞ്ഞത്. മാലിന്യം നിക്ഷേപിക്കരുതെന്നും നിങ്ങൾ കാമറ നിരീക്ഷണത്തിലാണെന്നുമുള്ള ബോർഡിനു താഴെയാണ് മാലിന്യം വലിച്ചെറിയുന്നത്. കാമറയുമില്ല, നിരീക്ഷണവുമില്ല എന്നതാണ് സത്യം.
ആർപ്പൂ ക്കര പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ്് കെട്ടിടത്തിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നതും ബോർഡ് സ്ഥാപിച്ചിട്ടുള്ളതും. മാലിന്യക്കൂന്പാരത്തിന് സമീപത്ത് രണ്ടു ലബോറട്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ബയോപ്സി പരിശോധഫലം തെറ്റായി നൽകിയ ലാബും മാമോഗ്രാം പരിശോധന നടത്തുന്ന ലാബും പ്രവർത്തിക്കുന്നതും ഈ മാലിന്യക്കൂന്പാരത്തിന്റെ സമീപമാണ്.
ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ അലക്ഷ്യമായി വലിച്ചെറിയുന്ന രോഗിയുമായി ബന്ധപ്പെട്ട നിരവധി മാലിന്യങ്ങളും ഇക്കൂട്ടത്തിൽ കാണാം. മഴക്കാലം ആരംഭിച്ചതോടെ ചില മാലിന്യ വസ്തുക്കൾ പുഴുവരിച്ചു തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഗ്രാമതലങ്ങളിലും, ജില്ലാതലങ്ങളിലും ആഴ്ചകൾ തോറും യോഗം കൂടി വിലയിരുത്തൽ നടത്തുന്പോഴാണ് പഞ്ചായത്ത് വക സ്ഥലത്ത് മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങിയ പകർച്ച വ്യാധി രോഗങ്ങൾ പടരാൻ ഏറെ സാധ്യതയുള്ള മാലിന്യം കുന്നുകൂടി കിടക്കുന്നത്.
മാലിന്യം നിക്ഷേപിക്കുന്നത് സ്വകാര്യ ലാബുകൾക്ക് മുന്നിലായിട്ടു പോലും ലാബ് അധികൃതരും തങ്ങളുടെ സ്ഥാപനത്തിനു സമീപത്ത് മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തുവാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം