ചാവക്കാട്: ഒരു കുഞ്ഞിന്റെ അമ്മയാണെന്ന വിവരം മറച്ചുവച്ച് കാമുകനോടൊപ്പം പോയ യുവതി ഒടുവിൽ അഴിക്കുള്ളിലായി. എടക്കഴിയൂർ സ്വദേശിനിയായ 22 കാരിയാണ് 15 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിനെ അടുത്ത വീട്ടിൽ എല്പിച്ച് ചാവക്കാട്ടുനിന്ന് സാധനങ്ങൾ വാങ്ങി വരാമെന്നുപറഞ്ഞു പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ ചാവക്കാട് പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച വീടുവിട്ട യുവതി നേരത്തെ ടിക്-ടോക്ക് വഴി പരിചയപ്പെട്ട കാമുകനെ തേടി മാഹിയിലേക്ക് പോയി. യുവതിയെ പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് യുവതിയും കാമുകനും മാഹി പോലീസിൽ ഹാജരായി. തുടർന്ന് ക്ഷേത്രത്തിൽ പോയി കല്യാണം നടത്തി.
മാഹിയിലുള്ള നവദന്പതികൾ ഞായറാഴ്ച ചാവക്കാട് പോലീസിൽ ഹാജരായപ്പോഴാണ് യുവതി മറച്ചുവച്ച സത്യം കേട്ട് പുതിയ ഭർത്താവ് ഞെട്ടിയത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന് പോലീസ് പറയുന്പോഴാണ് നവവരനും വീട്ടുകാരും അറിയുന്നത്.
ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറി. യുവതിയെ ഏറ്റെടുക്കാൻ ഭർതൃവീട്ടുകാരും സ്വന്തം വീട്ടുകാരും തയാറായില്ല. ഇതിനിടെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചതിന് ചാവക്കാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. തൃശൂർ വനിത ജയിലിലേക്ക് മാറ്റി.
ഒരു യമണ്ടൻ ടിക്-ടോക്ക് കട്ടപ്പൊക കഥ!
ടിക്-ടോക്ക് അല്ല ഈ കഥയിലെ വില്ലൻ. അത് ഒരു നിമിത്തം ആയെന്ന് മാത്രം. ടിക്-ടോക്കും ഫേസ്ബുക്കും വാട്സാപ്പും ജീവിതം കട്ടപ്പൊകയാക്കിയവരുടെ ലിസ്റ്റിലേക്ക് ഇതാ ചാവക്കാട്ടുനിന്ന് ഒരു സ്ത്രീ കൂടി.
സോഷ്യൽ മീഡിയയാണ് ജീവിതമെന്നു കരുതി മൂഢസ്വർഗത്തിൽ ജീവിക്കുന്നവർ ഇത് വായിക്കണം…ഓർക്കുക..ഇത് കഥയല്ല… ജീവിതമെന്ന റിയാലിറ്റി ഷോയാണ്…
ചാവക്കാട് ചേറ്റുവ സ്വദേശിനിയും ഒന്നേകാൽ വയസുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീയാണ് ഈ ടിക്-ടോക് കട്ടപ്പൊക കഥയിലെ പ്രധാന കഥാപാത്രം. ഈ യുവതി ടിക്-ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകനെ തേടി വീടുവിട്ടിറങ്ങി. ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞിനെ നൈസാക്കി ഒഴിവാക്കിക്കൊണ്ട്.
ചാവക്കാട് എടക്കഴിയൂരിൽ താമസിക്കുന്ന ചേറ്റുവ സ്വദേശിനിയായ യുവതി തന്റെ പിഞ്ചുകുഞ്ഞിനെ അയൽവാസിയെ ഏൽപ്പിച്ചാണ് കാമുകനെ തേടി പോയത്. ഒരമ്മയ്ക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറത്തുള്ള കാര്യമായിരുന്നു അത്. കടയിൽ പോയി ഉടൻ തിരിച്ചുവരാമെന്ന് പറഞ്ഞ് അയൽവാസിയെ വിശ്വസിപ്പിച്ച് യുവതി മുങ്ങുകയായിരുന്നു. കാമുകനെ തേടി യുവതി വണ്ടികയറിയത്.
കാമുകിയെ കാത്ത് കാമുകൻ നിന്നിരുന്നു. ടിക് ടോക് വഴി പരിചയപ്പെട്ട കാമുകിയുടെ ചരിത്രമോ കുടുംബമോ ഒന്നും നോക്കാതെ വിവാഹത്തിന് ഒരുങ്ങിയിരിക്കുകയായിരുന്നു ആ കാമുകനും കുടുംബവും. ക്ഷേത്രത്തിൽ പോയി താലികെട്ടി കുറച്ചുകഴിഞ്ഞപ്പോഴാണ് കാമുകൻ കാര്യങ്ങൾ അറിയുന്നത്. താൻ കെട്ടിയത് ഒരു കുഞ്ഞിന്റെ അമ്മയെയാണെന്ന് അറിഞ്ഞതോടെ യുവതിയെ ഉപേക്ഷിക്കാൻ അയാളും വീട്ടുകാരും തീരുമാനിച്ചു.
പറഞ്ഞു പറ്റിച്ച പെണ്ണിനെ വേണ്ടെന്ന് പറഞ്ഞ് അവർ അവളെ ഒഴിവാക്കി. വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് യുവതി സ്വന്തം വീട്ടിലേക്ക് വിളിച്ച് കഥയെല്ലാം പറഞ്ഞു. യുവതിയെ കാണാനില്ലെന്ന് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂരിൽ നിന്നു യുവതിയെ പോലീസാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. ഇനിയാണ് കഥയുടെ ട്വിസ്റ്റുണ്ടായത്. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനെ തേടിപോയ യുവതിയെ സ്വീകരിക്കാൻ സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും തയാറായില്ല.
യുവതി ജയിലിലായ കാര്യം വാർത്തയിൽ വായിച്ചല്ലോ.റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും തിരികെ രണ്ടുവീട്ടിലേക്കും ഇവരെ കയറ്റില്ലെന്നാണ് വീട്ടുകാർ പറയുന്നത്. കുഞ്ഞിനെ ഓർക്കുന്പോൾ മാത്രമാണ് ഈ ടിക്-ടോക് കഥയിൽ വേദനയും നൊന്പരവും തോന്നുന്നത്. യുവതിക്കും കാമുകനുമൊക്കെ സംഭവിച്ചത് അവരായി വരുത്തിവച്ചതാണ്…
ടിക് ടോക്കും ഫേസ്ബുക്കും വാട്സാപ്പുമൊക്കെ ജീവനേക്കാൾ പ്രിയപ്പെട്ടതായി കരുതുന്നവർ അതല്ല ജീവിതമെന്ന റിയാലിറ്റി ഷോ എന്ന് ഇതുവായിച്ച് തിരിച്ചറിഞ്ഞാൽ ജീവിതത്തിൽനിന്ന് എലിമിനേറ്റ് ചെയ്യപ്പെടാതിരിക്കാം…