തലശേരി:സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ കഴിഞ്ഞ ഒരു മാസം നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ പതിനൊന്ന് പേര് ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഇവരില്‍ മൂന്ന് പേര് അറസ്റ്റിലാകുകയും രണ്ട് പേര് കോടതിയില്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റ് ആറ് പ്രതികളുടെ പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
കേസിലെ ഒന്നാം പ്രതി ശ്രീജിന്‍, രണ്ടാം പ്രതി റോഷന് എന്നിവരാണ് കോടതിയില്‍ ഹാജരായത്. അശ്വന്ത്, സോജിത്ത്, ബിശ്വാസ് എന്നീ പ്രതികളെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പൊട്ട്യന്‍ സന്തോഷ്, ബ്രിട്ടോ എന്ന വിപിന്‍, ജിത്തു എന്ന ദിതേഷ്, മിഥുന് എന്ന മൊയ്തു, വിജിന്, ഷിറോസ് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെന്ന് പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ കേസിലെ മുഖ്യ സൂത്രധാരന്‍ പൊട്ട്യന്‍ സന്തോഷാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ആര്‍എസ്എസ് നേതാവ് എം.പി സുമേശിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊട്ട്യന്‍ സന്തോഷിനെ ഇന്നലെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് ജയിലിലടച്ചിരുന്നു.ഇന്നലെ മുതല്‍ ജയിലില്‍ കഴിയുന്ന സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനും കസ്റ്റഡിയില്‍ വാങ്ങുന്നതിനും പോലീസ് കോടതിയില്‍ ഇന്ന് ഹർജി നല്‍കും.