മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിൽപ്പെട്ട വാളാടിനു സമീപം യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാക്കും. പ്രശാന്തഗിരി മഠത്താശേരി ബൈജുവിന്റെ ഭാര്യ സിനിയാണ്(32) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിന്റെ മാതൃസഹോദരൻ നെടുമല ദേവസ്യയെ(50) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സിനിയെ വെട്ടേറ്റു മരിച്ച നിലയിൽ വീട്ടിൽ കണ്ടത്. സിനിയും ദേവസ്യയും ഉൾപ്പെടെ 19 പേർ പ്രശാന്തഗിരിക്കു സമീപം രാവിലെ തൊഴിലുറപ്പു ജോലിയിയിൽ ഏർപ്പെട്ടിരുന്നു. പ്രഭാതഭക്ഷണത്തിനു വീടുകളിലേക്കുപോയ തൊഴിലാളികളിൽ സിനിയും ദേവസ്യയും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ജോലിസ്ഥലത്തു തിരിച്ചെത്തിയില്ല. തുടർന്നു മറ്റു തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സിനിയെ വീട്ടിലെ ഒറ്റമുറിയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്.
പരിശോധനയിലാണ് വെട്ടേറ്റെന്നും ജീവൻ നഷ്ടമായെന്നും ബോധ്യപ്പെട്ടത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവ് ബൈജു വെണ്മണിയിൽ കെട്ടുപണിക്കും മക്കളായ അലനും അയോണയും സ്കൂളിലും പോയിരുന്നു. ദേവസ്യയെ ഏകദേശം നൂറു മീറ്റർ അകലെയുള്ള അയാളുടെ വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പലയിടങ്ങളിലായി വാടകയ്ക്കു കഴിഞ്ഞിരുന്ന ബൈജുവും കുടുംബവും രണ്ടു വർഷം മുന്പാണ് ദേവസ്യയുടെ വീടിനു സമീപം അര ഏക്കർ സ്ഥലം വാങ്ങി താമസം തുടങ്ങിയത്. അതിർത്തിത്തർക്കമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസിനു ലഭിച്ച സൂചന.
അതിർത്തിയെച്ചൊല്ലി രണ്ടു വീട്ടുകാർക്കുമിടയിൽ കലഹം നിലവിലുണ്ട്. എങ്കിലും ഇന്നലെ ജോലിസ്ഥലത്തു ദേവസ്യയുടെ പെരുമാറ്റത്തിൽ അസാധാരണത തോന്നിയിരുന്നില്ലെന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. തലപ്പുഴ പോലീസ് ഇൻക്വസ്റ്റ് നടത്തി സിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു അയച്ചു.