കായംകുളം: സാഹസികതയും അപകടവും നിറഞ്ഞ ഫയർ എസ്കേപ്പ് വിദ്യ നടത്താൻ നടൻ മോഹൻലാൽ എട്ട് വർഷം മുന്പ് രംഗത്തു വന്നപ്പോൾ താനുൾപ്പെടെയുള്ള മജീഷ്യന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയത് ദുരന്ത സാഹചര്യം മുൻ നിർത്തിയായിരുന്നെന്ന് മജീഷ്യൻ സാമ്രാജ് രാഷ്ട്രദീപികയോട് പറഞ്ഞു.
സാഹസികമായ മാജിക്കിലൂടെ പ്രശസ്തനായ മജീഷ്യനായിരുന്നു മാൻഡ്രേക്ക് എന്ന ചഞ്ചൽ ഹാരി. എന്നിട്ടും ഹൂബ്ലി നദിയിൽ ഹൗഡിനി വിദ്യ അവതരിപ്പിച്ച മാൻഡ്രേക്കിന് പോലും ജീവൻ നഷ്ടമായി. മാജിക്കിലെ രക്ഷപ്പെടൽ, സാഹസിക വിദ്യകൾ അപകടം നിറഞ്ഞതാണ്.
ഈ തിരിച്ചറിവുകൊണ്ടാണ് മോഹൻലാൽ ഫയർ എസ്കേപ്പ് നടത്താൻ രംഗത്തു വന്നപ്പോൾ മറൈൻ ഡ്രൈവിൽ മൊബൈൽ മോർച്ചറിയിൽ കിടന്ന് പ്രതിഷേധിക്കേണ്ടി വന്നതെന്നും സാമ്രാജ് പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് ലാൽ പിന്മാറിയെങ്കിലും അന്നത്തെ സംഭവം താനുൾപ്പെടുന്ന മജീഷ്യന്മാരുടെ അസൂയ കൊണ്ടാണെന്നാണ് ചിലർ പിന്നീട് പ്രചരിപ്പിച്ചത്. ഇത് ചിലരിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. ഇപ്പോൾ മാൻഡ്രേക്ക് എന്ന ചഞ്ചൽ ഹാരിക്ക് ഹൗഡിനി വിദ്യയ്ക്കിടെയുണ്ടായ ദുരന്തം മാജിക് സാഹസിക വിദ്യയിലെ അപകട സാധ്യത വ്യക്തമാക്കുന്നതാണന്നും സാമ്രാജ് പറഞ്ഞു.