ചാലക്കുടി: പോട്ടയിൽ ഗുണ്ടാസംഘം വീടുകയറി ഗൃഹനാഥനെ മർദിച്ചശേഷം വീടുകയറി ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചംഗ ഗുണ്ടാസംഘത്തിലെ പ്രതികളിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് പോട്ട അലവി സെന്റർ കലിക്കകുന്ന് റോഡിലെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം അക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ കോന്പാറക്കാരൻ ഒൗസേപ്പിന്റെ വീട്ടിലെത്തിയ അഞ്ചംഗ ഗുണ്ടാസംഘം ബൈക്കുകളിലായി എത്തിയ ഗുണ്ടാസംഘം ഇരുന്പുവടികളുമായിട്ടാണ് വീടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.
ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന ഒൗസേപ്പിനെ ആദ്യം ആക്രമിക്കുകയായിരുന്നു.തടയാനെത്തിയ റോസിയെ തള്ളിയിട്ടശേഷം സംഘം വീട്ടിലെ ടി.വി, ഫർണീച്ചറുകൾ, ഗൃഹോപകരണങ്ങൾ, ജനൽ ചില്ലുകൾ അടിച്ചുതകർത്തു. വീടിനു മുന്നിൽ കിടന്നിരുന്ന ഒരു കാറിന്റെയും, ഐഷറിന്റെയും ചില്ലുകൾ തകർക്കുകയും, ബൈക്കും കുട്ടികളുടെ സൈക്കിളും തല്ലി തകർത്തു.
വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയും സംഘം പോകുന്പോൾ ഇളക്കിക്കൊണ്ടുപോയി. പോകുന്നവഴിക്ക് രണ്ട് ഇരുന്പുകന്പികൾ റോഡിൽ ഉപേക്ഷിച്ചിരുന്നു. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ ഒൗസേപ്പ് (61) സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിസംഘത്തിലുണ്ടായിരുന്നവരിൽ ചിലരെ ഗൃഹനാഥൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
മുൻ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. നേരത്തെയും ചിലർവീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയതായി ഔസേപ്പ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചാലക്കുടി പോലീസാണ് കേസ് അന്വേഷിക്കുന്നത്.