മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും കോഴിക്കോട് എയർപോർട്ട് അഡ്വൈസറി ബോർഡ് ചെയർമാനും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന വിവിധ പ്രായസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാലിക്കട്ട്് എയർപോർട്ട് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയായാലും ഉദ്യോഗസ്ഥരുടെ കുറവ് മൂലം ലഗേജുകൾ കിട്ടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് കൗണ്‍സിൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒന്നിലധികം വിമാനങ്ങൾ ഇറങ്ങുന്ന സമയത്ത് ഈ കാത്തിരിപ്പിന്റെ സമയം കൂടുകയും ചെയ്യുന്നു.
എയർപോർട്ടിന്റെ പുതിയ ടെർമിനൽ വന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രയാസപ്പെടുന്നത് യാത്രക്കാരാണ്. ചർച്ചയിൽ കൗണ്‍സിൽ ജനറൽ കണ്‍വീനർ ടി.പി.എം. ഹാഷിർ അലി, ചീഫ് കോ-ഓർഡിനേറ്റർ മുസഫർ അബ്റാർ, ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽപാറ, സി.കെ. ഷാക്കിർ, ജിൻഷാൻ ചാലാരി, നൗഷാദ് ഓമശേരി, ഉബൈദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
നേരത്തെ ദുബായിൽ വച്ച് ചെയർമാൻ യു.എ. നസീർ, ട്രഷറർ എ.പി. ഷംസുദീൻ ബിൻ മുഹിയുദീൻ, ഭാരവാഹികളായ അൻസാരി കണ്ണൂർ, അഡ്വ. സാജിദ് അബൂബക്കർ, എന്നിവർ എമിറേറ്റ്സ് അധികൃതരുമായി കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.