തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്റെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി താൻ മുന്നോട്ടുപോകും. ഉന്നത ബന്ധങ്ങളുള്ള ആളാണ് ബിനോയിയെന്ന് മനസിലാക്കി തന്നെയാണ് പരാതി നൽകിയത്. താൻ പരാതിയിൽ ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതയാണ്. ഇതിനെല്ലാം തെളിവുകൾ ഹാജരാക്കാൻ തയാറാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.
ദുബായിയിൽ ബാർ ഡാൻസ് ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയിക്കെതിരേ മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ഇതോടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നും ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2018 വരെ വിവാഹ വാഗ്ദാനം നൽകി ബിനോയി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ദുബായില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെവച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നത്. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് യുവതി പറയുന്നു.
2009 നവംബറില്‍ താൻ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെ ബിനോയി പതിവായി ദുബായില്‍ നിന്നും മുംബൈയിൽ വന്നുപോയിരുന്നുവെന്നും എല്ലാ മാസവും പണം അയച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
എന്നാൽ ആരോപണങ്ങളെല്ലാം ബിനോയി നിഷേധിച്ചു. യുവതിയെ അറിയാമെന്നും പരാതി നിയമപരമായി നേരിടുമെന്നുമാണ് ബിനോയിയുടെ വാദം.