ഭോപ്പാൽ: കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന്റെ മകൻ വധശ്രമക്കേസിൽ അറസ്റ്റിൽ. പ്രബൽ പട്ടേലിനെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. നരസിംഹപുർ ജില്ലയിൽ നടന്ന സംഘർഷത്തിനെ തുടർന്നാണ് അറസ്റ്റ്. മറ്റ് ഏഴു പേർകൂടി കേസിൽ അറസ്റ്റിലായിട്ടുണ്ട്.
മധ്യപ്രദേശ് എംഎൽഎ ജലാംസിംഗ് പട്ടേലിന്റെ മകനും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണെന്നു പോലീസ് അറിയിച്ചു. സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ ഹോംഗാർഡ് ഈശ്വർ റായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം. അർധരാത്രിയിൽ രണ്ടുപേരുമായി കേന്ദ്രമന്ത്രിയുടെ മകൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പ്രബൽ ഉൾപ്പെടുന്ന സംഘം ഇരുവരെയും മർദിച്ചു. ഇവരെയും കൂട്ടി ഹോംഗാർഡായ ഈശ്വർ റായിയുടെ വീട്ടിലെത്തി. ഈശ്വർ റായിയുടെ മകൻ പ്രബലിന്റെ സുഹൃത്തായിരുന്നെങ്കിലും ഇടയ്ക്കു പിരിഞ്ഞിരുന്നു.
റായിയുടെ മകനെ വീടിനു പുറത്തേക്കു വിളിച്ചിറക്കിയ സംഘം ഇരുന്പ് ദണ്ഡുകളും ബേസ്ബോൾ ബാറ്റുകളും ഉപയോഗിച്ച് ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ഈശ്വർ റായിയെയും സംഘം ആക്രമിച്ചു. ഇവർ ഒരാൾക്കു നേരെ വെടിവച്ചെന്നും ആരോപണമുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ മോനു പട്ടേലിന്റെ പിതാവ് കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ മന്ത്രിയായിരുന്നു.
മോനു പട്ടേൽ മകനെതിരായ ആരോപണം നിഷേധിച്ചപ്പോൾ, അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു കോണ്ഗ്രസ് ആരോപിച്ചു.