കോൽക്കത്ത: മിസ് ഇന്ത്യ യൂണിവേഴ്സും മിസ് യൂണിവേഴ്സ് മത്സരാർഥിയുമായ മോഡലിനു നേരെ ആക്രമണശ്രമം. ഉൗബർ കാറിൽ സഞ്ചരിക്കുന്പോൾ കോൽക്കത്തയിൽവച്ചാണ് ഉഷോഷി സെൻഗുപ്തയ്ക്കു നേരെ 15 അംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഇതുസംബന്ധിച്ച് ഉഷോഷി ഫേസ്ബുക്കിൽ വിശദമായ കുറിപ്പെഴുതി. സംഭവത്തിന്റെ വീഡിയോയും അക്രമികളുടെ ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്.
ജോലികഴിഞ്ഞ് തിരികെ രാത്രി 11.40-ഓടെ വീട്ടിലേക്കു പോകവെ ബൈക്കിൽ എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഉഷോഷി പറയുന്നത്. കാറിനെ പിന്തുടർന്ന സംഘം വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചുതകർത്തു. ഡ്രൈവറെ മർദിക്കുകയും ചെയ്തു.
മർദനത്തിനിടെ സമീപത്തെ പോലീസ് പോസ്റ്റിലെത്തി ഉഷോഷി പരാതിപ്പെട്ടെങ്കിലും ഇതു തങ്ങളുടെ അധികാര പരിധിയല്ലെന്നായിരുന്നു പോലീസിന്റെ മറുപടി. പോലീസ് എത്തിയപ്പോൾ അവരെ തള്ളിമാറ്റി അക്രമിസംഘം പിരിഞ്ഞുപോയി.
അടുത്ത ദിവസം പരാതി നൽകാമെന്നു നിശ്ചയിച്ച് സഹപ്രവർത്തകനെ ഇറക്കുന്നതിനായി വാഹനം അടുത്ത സ്ഥലത്തെത്തിയപ്പോൾ വീണ്ടും അക്രമിസംഘമെത്തി. കാറിനു നേരെ കല്ലെറിഞ്ഞ സംഘം ഉഷോഷിയെ കാറിൽനിന്നു വലിച്ചിറക്കി ഫോണ് നശിപ്പിക്കാൻ ശ്രമിച്ചു. നിലവിളിച്ചതുകേട്ടു നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമി സംഘം പിൻവാങ്ങിയതെന്ന് ഉഷോഷി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
വീടിനു തൊട്ടടുത്തു നടന്ന സംഭവത്തിൽ പരാതി നൽകുന്നതിനായി രാത്രി തന്നെ ചാരു മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, ആദ്യസംഭവം നടന്നത് ഭവാനിപോർ സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാൻ പറഞ്ഞു. എന്നാൽ ബഹളംവച്ചതോടെ പരാതി സ്വീകരിക്കാൻ അവർ തയാറായി. ഉൗബർ ഡ്രൈവറുടെ പരാതി സ്വീകരിക്കാൻ അവർ തയാറായില്ല. ഒരേ വിഷയത്തിൽ രണ്ടു പരാതി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും ഉഷോഷി പറയുന്നു.
ഉഷോഷിയുടെ കുറിപ്പ് ചർച്ചയായതിനെത്തുടർന്ന് പോലീസ് നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതി സ്വീകരിക്കാത്തതിൽ ഉന്നതതല അന്വേഷണത്തിനു കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ടെന്നും കോൽക്കത്ത പോലീസ് ട്വിറ്ററിൽ അറിയിച്ചു.