കോഴിക്കോട്: ട്രോളിംഗ് നിരോധന കാലത്തെ വില്പന നടത്തുന്ന മത്സ്യങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാനത്തുടനീളം മത്സ്യമാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രത്തന്‍ കേല്‍ക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാവിഭാഗം അസി.കമ്മീഷണര്‍ പി.കെ. ഏലിയാമ്മയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ പരിശോധന ആരംഭിച്ചു.
ഫിഷിംഗ് ഹാര്‍ബറുകളിലും കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലും നടത്തിയ പരിശോധനയില്‍ 12 സാമ്പിളുകളാണ് ശേഖരിച്ചത്. മലാപ്പറമ്പിലെ റീജ്യണല്‍ അനലറ്റിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഫോര്മാലിനോ മറ്റു രാസപദാര്‍ത്ഥങ്ങളോ മത്സ്യങ്ങള്‍ കേടാവാതിരിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.
പരിശോധന ഇന്നും തുടരും. ചോമ്പാല മുതല്‍ ബേപ്പൂര്‍ വരെയുള്ള ഹാര്‍ബറുകളിലും മത്സ്യവിപണന കേന്ദ്രങ്ങളിലുമാണ് ട്രോളിങ് തീരുന്നതുവരെ പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ.വിഷ്ണു.എസ്.ഷാജി, പി. സുബിന്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്.
ട്രോളിംഗ് നിരോധനകാലത്ത് ഉപയോഗശൂന്യവും ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യങ്ങള്‍ വില്പനയ്ക്കെത്തുന്നത് തടയുക എന്ന ദൗത്യവുമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചത്.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍, ചെക്ക് പോസ്റ്റുകള്‍ , ഹാര്‍ബര്‍, മത്സ്യവിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിക്കാനും പരിശോധന നടത്താനുമാണ് നിര്‍ദേശം. വിഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രോളിംഗ ്നിരോധനത്തെതുടര്ന്ന് സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് മത്സ്യം എത്തുന്നത് വര്‍ധിച്ചിട്ടുണ്ട്.
ദിവസം ഇരുന്നൂറിലധികം ലോഡ് മത്സ്യം വിവിധ ചെക്ക്പോസ്റ്റുകള്‍ കടന്ന് കേരളത്തിലെത്തുന്നുന്നതായാണ് കണക്ക്. രാസവസ്തുക്കള്‍ ഉപയോഗിച്ച മീനാണ് വില്ക്കുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മത്സ്യം കേടാകാതിരിക്കാന്‍ ഫൊര്‍മാലിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യം വിപണിയിലെത്തിക്കുന്നത് വ്യാപകമായതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷവും ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു.