വണ്ടൂർ: പ്ലസ് വണ്‍ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും. മലപ്പുറം ജില്ലയിലെ വാണിയന്പലം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്ലസ്ടു വിദ്യാർഥികളെയാണ് വണ്ടൂർ പോലീസ് ഇന്നു രാവിലെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കുന്നത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിക്കെതിരേയും കേസുണ്ട്. നിലവിൽ നാലുപേർക്കെതിരേയാണ് കേസ്. എന്നാൽ മൈനർ വിഭാഗത്തിൽപ്പെട്ട മറ്റൊരു വിദ്യാർഥിയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ കൂടുതൽ അന്വേഷണത്തിനു ശേഷമേ എത്രപേർ ഇതിലുണ്ടെന്നു വ്യക്തമാകൂവെന്നു വണ്ടൂർ സിഐ എം.സി കുഞ്ഞിമൊയ്തീൻ അറിയിച്ചു.
മർദനമേറ്റ പ്ലസ് വണ്‍ വിദ്യാർഥി ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈയ്ക്കു പൊട്ടലേറ്റിട്ടുണ്ട്. വിദ്യാർഥിയെ ആദ്യം വണ്ടൂർ താലൂക്കാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. നാലു ദിവസം മുന്‍പാണ് വിദ്യാർഥി സ്കൂളിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതിർന്ന വിദ്യാർഥികൾ ചേർന്നു പ്ലസ് വണ്‍ വിദ്യാർഥിയെ റാഗ് ചെയ്തത്.
നെഞ്ചിലെ മറുക് കാണാതിരിക്കാനായി ഷർട്ടിന്റെ കഴുത്തിന്റെ ഭാഗത്തുള്ള ബട്ടണ്‍സ് ഇട്ടാണ് വിദ്യാർഥി സ്കൂളിൽ എത്തിയിരുന്നത്. ഇതു ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർഥികൾ ബട്ടണ്‍സ് അഴിക്കാൻ ആവശ്യപ്പെട്ടു മർദനം തുടങ്ങി. ഇതിനിടെ കരണത്ത് അടിയേറ്റതോടെ ഭയന്നോടിയ വിദ്യാർഥി അധ്യാപകരോടു വിവരം പറഞ്ഞു.
ഇതോടെ രോഷാകുലരായ മുതിർന്ന വിദ്യാർഥികൾ വൈകുന്നേരം സ്കൂൾ വിട്ടശേഷം സംഘം ചേർന്നു മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥി നൽകിയ പരാതിയിലുള്ളത്. താഴെവീഴ്ത്തി ചവിട്ടുകയും ചെയ്തു. ഇങ്ങനെയാണ് വലതുകൈയ്ക്കു പൊട്ടലേറ്റത്. വിവരമറിഞ്ഞു കു്ട്ടിയുടെ ബന്ധുക്കളെത്തി പ്രിൻസിപ്പലിനും വണ്ടൂർ പോലീസിലും പരാതി നൽകുകയായിരുന്നു.
സ്്കൂളിലെത്തിയ വണ്ടൂർ പോലീസ് കേസിൽ ഉൾപ്പെട്ടവരുടെ രേഖകൾ പരിശോധിച്ചു പതിനെട്ടുവസയു തികഞ്ഞുവെന്നു ഉറപ്പുവരുത്തിയാണ് മൂന്നു വിദ്യാർഥികളെ അറസ്റ്റു ചെയ്തത്. വാണിയന്പലം സ്വദേശി ഷബീബ്, കൂരാട് സ്വദേശി അസ്മൽ ഹഖ്, മന്പാട്ടുമൂല സ്വദേശി നിസാമുദീൻ എന്നിവരെയാണ് സിഐ സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നും കേസിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്നും സിഐ അറിയിച്ചു.
റാഗിങ്ങ്: നടപടി വേണം- എസ്എഫ്ഐ
മലപ്പുറം: അടുത്തിടെ മലപ്പുറം ജില്ലയിലെ രണ്ടു സ്്കൂളുകളിൽ പ്ലസ് വണ്‍ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ കേസെടുത്തു കർശന നടപടി സ്വീകരിക്കണമെന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരുതരത്തിലുള്ള റാഗിങ്ങിനെയും അംഗീകരിക്കാനാകില്ലെന്നു ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ, സെക്രട്ടറി കെ.എ സക്കീർ എന്നിവർ പറഞ്ഞു.