പീരുമേട്: തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ മരക്കുരിശു സ്ഥാപിച്ചതിനെ തുടർന്നുള്ള വിവാദം കൂടുതൽ സങ്കീർണതയിലേക്ക്. മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢ ശ്രമമാണ് പഞ്ചാലിമേട്ടിൽ നടക്കുന്നതെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി ഏതറ്റം വരെയും പോകുമെന്നും കണയങ്കവയൽ നിവാസികൾ.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഇന്ന് പാഞ്ചാലിമേട് സന്ദർശിക്കാനിരിക്കെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തേക്ക് പ്രകടനം നടത്തിയാൽ തടയുമെന്ന നിലപാടിലാണ് പ്രദേശവാസികൾ. കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് ഡിടിപിസിയും ജനങ്ങൾക്ക് പൂർണ പിന്തുണ നല്കുന്നുണ്ട്. സംഘർഷാവസഥ കണക്കിലെടുത്ത് പോലീസും മുൻ കരുതൽ സ്വീകരിച്ചിട്ടുണ്ട്.
വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലായെന്ന് നാട്ടുകാരുടെ നിലപാട്. ക്ഷേത്രവും കുരിശിന്റെ വഴിയും എല്ലാം ഉണ്ടെങ്കിലും വിനോദസഞ്ചാരത്തിന് ഇത് തടസമല്ല. ജനങ്ങൾ ഇവിടെ മതസൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്.ഇതിനെല്ലാം തിരിച്ചടിയാകുന്ന തരത്തിലാണ് പുറത്ത് നിന്നുള്ള ചില സംഘടനകളുടെ രാഷ്ട്രീയ പ്രേരിതമായ ഇടപെടൽ. ഇന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ എത്തുന്നതോടെ അന്തരീക്ഷം കൂടുതൽ കലുക്ഷിതമാകുമെന്ന കണക്കുകൂട്ടലിൽ പോലീസും ഇവിടേക്കുള്ള പ്രകടനവും മറ്റും തടഞ്ഞേക്കും.
സംഭവം വിവാദമായതോടെ കളക്ടറുടെ നിർദേശ പ്രകാരം പാഞ്ചാലിമേട്ടിലെ മരക്കുരിശുകൾ ഇന്നലെ നീക്കം ചെയ്തിരുന്നു. ഇടുക്കി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കണയങ്കവയൽ പള്ളിഭാരവാഹികളാണ് കുരിശ് നീക്കം ചെയ്തത്. കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിയാഴ്ച സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തന്നെ നില നിർത്തിയിരിക്കുകയാണ്.
റവന്യൂഭൂമിയിലാണൈാങ്കിലും കുരിശുകൾക്കും അന്പലത്തിനുമെതിരേ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച്.ദിനേശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
കരുതിക്കൂട്ടി ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ക്ഷേത്രക്കമ്മിറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. പാഞ്ചാലി മേട്ടിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന തരത്തിലാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ചില സംഘടനകൾ.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയുടെ നേതൃത്വത്തിൽ നാളെ പാഞ്ചാലിമേട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
അതേസമയം അനാവശ്യ വിവാദങ്ങളുണ്ടാക്കി പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഡിടിപിസി യും പെരുവന്താനം പഞ്ചായത്തും രംഗത്തെത്തിയത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ഡി.റ്റി. പി. സി യും ആരോപണമുന്നയിച്ചു.
വിനോദ സഞ്ചാര മേഖലയും ഇവിടത്തെ മതസൗഹാർദ അന്തരീക്ഷവും തകർക്കാനാണ് ചിലിർ ശ്രമിക്കുന്നതെന്നാണ് പെരുവന്താനം പഞ്ചായത്ത് ഭാരവാഹികൾ ആരോപിക്കുന്നത്. കുരിശുമല കയറ്റത്തിന്റെ ഭാഗമായാണ് വിശ്വാസികൾ ഇവിടെ മരക്കുരിശുകൾ സ്ഥാപിച്ചതെന്നും വിവാദമായതിനെ തുടർന്ന് ഇവ നീക്കം ചെയ്തതായും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പറഞ്ഞു.