ജോജി തോമസ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാർക്ക് വായനയുടെ ലോകം പരിചയപ്പെടുത്തിയ സഹൃദയ വായനശാല നാശത്തിന്റെ വക്കിൽ. 1936 സെപ്റ്റംബർ 28നാണ് സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളിയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ എംഎൽഎയുമായിരുന്ന കരിപ്പാപ്പറന്പിൽ കെ.ജെ. തോമസിന്റെ പരിശ്രമഫലമായി സഹൃദയ വായനശാല ആരംഭിക്കുന്നത്.
1937 ഡിസംബർ 17ന് വായനശാലയോടൊപ്പം ലൈബ്രറിയും പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസ് നേതാവ് സി. കേശവനാണ് ഉദ്ഘാടനം നിർവഹിച്ചത്. എട്ടു വർഷത്തിനുശേഷം സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിച്ച് കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ പ്രവർത്തനം തുടർന്നു.
ഒരു കാലഘട്ടം മുഴുവൻ കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായിരുന്നു സഹൃദയ വായനശാല. ഡിസി ബുക്സ് സ്ഥാപകൻ ഡിസി കിഴക്കേമുറി അടക്കമുള്ള ഒരുപാടു മഹാരഥന്മാർ തുടക്കംകുറിച്ച വായനശാലയിൽ ഗവേഷണഗ്രന്ഥങ്ങളുൾപ്പെടെ 25,000ൽപരം പുസ്തകങ്ങൾ ഉണ്ടായിരുന്നു. സഹൃദയ നടന സമിതി എന്ന പേരിൽ സഹൃദയ അംഗങ്ങൾ രൂപം നൽകിയ നാടക സമിതി നാടകങ്ങൾ രംഗത്ത് അവതരിപ്പിക്കുകയും പ്രഗത്ഭരും പ്രശസ്തരുമായ പലരും ആ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ന് സഹൃദയ വായനശാലയുടെ അവസ്ഥ വളരെ പരിതാപകരമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് വായനശാല. റീഡിംഗ് റൂമിൽ ഇരുന്ന് വായിക്കാൻ കസേരകൾ പോലുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഫാൻ, ലൈറ്റ് എന്നിവയൊന്നുമില്ല.
മഴ തുടങ്ങിയാൽ പിന്നെ വായനശാല മുഴുവൻ ചോർച്ചയാണ്. പുസ്തകങ്ങളുടെ എണ്ണം 13,205 ആയി ചുരുങ്ങി. അമൂല്യ ഗ്രന്ഥങ്ങളുൾപ്പെടെ നിരവധി പുസ്തകങ്ങൾ ചിതലെടുത്തും മഴവെള്ളം വീണും നശിച്ചു. ഇപ്പോൾ 750 മെംബർഷിപ്പുകളാണുള്ളത്. എല്ലാ ദിവസവും പ്രായമായവർ പത്രം വായിക്കാൻ എത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ മാത്രമാണ് കുട്ടികൾ എത്താറുള്ളത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്സിൽ ആസ്ഥാനം കൂടിയായ സഹൃദയ വായനശാല പൊളിച്ചു പണിയാനുള്ള നടപടികൾ സംസ്ഥാന തലത്തിലും പഞ്ചായത്തു തലത്തിലും തുടങ്ങിയിട്ട് കാലങ്ങൾ കുറേയായി. വായനശാലയിലേക്ക് പുതിയ അലമാരകൾ അനുവദിച്ചെങ്കിലും സ്ഥലപരിമിതി മൂലം ഇങ്ങോട്ട് എത്തിച്ചിട്ടില്ല. പൊളിച്ച് പുതിയ കെട്ടിടം പണിയാനുള്ള പദ്ധതിയുള്ളതിനാൽ മെയിന്റനസ് വർക്ക് ചെയ്യാനും സാധിക്കാത്ത അവസ്ഥയിലാണ്.
ഫേസ്ബുക്കും വാട്സ് ആപ്പും പിറക്കുന്നതിനുമുന്പ് വായനയുടെ ലോകത്തെ ഈ ഇടനിലക്കാരനെ ഒരിക്കലും മറക്കാനാവില്ല പഴയ തലമുറയ്ക്ക്. സക്കറിയയേയും റോസ് മേരിയേയും പോലെ പ്രമുഖരായ അനവധി കാഞ്ഞിരപ്പള്ളിക്കാരെ എഴുത്തിന്റെ വലിയ ലോകത്തേക്ക് പിച്ചവയ്്പിച്ച സഹൃദയ വായനശാലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തകർച്ചയിൽനിന്ന് രക്ഷിക്കണമെന്നാണ് ഈ വായന ദിനത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്.