കണ്ണൂർ: കോടികൾ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിനു പിന്നിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സനാണെന്ന ആരോപണവുമായി മരിച്ച പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന.
സിപിഎമ്മിനുവേണ്ടി പ്രവർത്തിച്ചയാളെ പാർട്ടിക്കാർതന്നെ ചതിക്കുകയായിരുന്നു. പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ബീന പറഞ്ഞു. നഗരസഭ അനുമതി പേപ്പർ നൽകില്ലെന്ന ആശങ്കയിലായിരുന്നു സാജൻ. വെറുതെ ഒരുസ്ഥാപനം ഉണ്ടാക്കിയിടേണ്ടിവരുമോ എന്നത് സാജനെ വേട്ടയാടിയിരുന്നു.
ഏറെ ദിവസങ്ങളായി പെർമിറ്റ് പേപ്പറിനുവേണ്ടി സാജനെ കളിപ്പിക്കുകയായിരുന്നു. സ്വന്തം പാർട്ടിക്കാരാണ് കൂടെ നിന്നു ചതിച്ചതെന്നുമാണ് ബീന പറയുന്നു. ഇന്നുരാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സാജന്റെ മരണം നിയമസഭയിൽ; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭയുടെ പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി പാറയില് സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എൽഡിഎഫ് ഭരിക്കുന്ന ആന്തൂർ നഗരസഭ രാഷ്ട്രീയപ്രേരിതമായാണ് കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകാതിരുന്നതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞത്. ആത്മഹത്യയല്ല, ആന്തൂർ നഗരസഭ നടത്തിയ നരഹത്യയാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്റെ വാദം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ തള്ളി. കെട്ടിട ഉടമ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ വ്യക്തമാക്കി. ആരേയും സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.