ആലക്കോട്: ശംഭു, പാൻപരാഗ്, ഹാൻസ് എന്നിവയെക്കാൾ മാരകമായ ലഹരി വസ്തുവായ ” കൂൾ ” മലയോരത്തും സുലഭം. ചില്ലറയായും ഫാമിലി പായ്ക്കായും ലഭിക്കുന്നു ലഹരി വസ്തു ഇടനിലക്കാർ വഴിയാണു മലയോരത്ത് എത്തുന്നത്. ഇതിന്റെ ഉപയോഗം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഇടയിലാണു വളരെ കൂടുതൽ. സ്കൂളുകളുടെ പരിസരത്തും ലഹരിവസ്തുക്കളുടെ വില്പന തകൃതിയായി നടക്കുന്നുണ്ട്.
കൂൾ എന്ന ലഹരി വസ്തു ചുണ്ടിന്റെ മേൽ ഭാഗത്താണു വയ്ക്കുന്നത്. ആദ്യംവയ്ക്കുന്നവർക്കു ഛർദ്ദിലും തലകറക്കവും ഉണ്ടാകുമെങ്കിലും പിന്നീട് കുട്ടികൾ ഇതിന്റെ അടിമയായി മാറുകയാണ്.കൂൾ മാത്രമല്ല, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും മലയോരത്ത് ധാരളമായി വിൽക്കുന്നുണ്ട്.
പ്ലസ് ടു, കോളജ് വിദ്യാർഥികളാണു കഞ്ചാവിന്റെ അടിമകൾ. കരുവഞ്ചാൽ ടൗൺ, കാർത്തികപുരം, മണക്കടവ്, നടുവിൽ എന്നിവിടങ്ങളിലും ലഹരി മാഫിയ സജീവമാണ്. 10,000 രൂപയുടെ കഞ്ചാവ് വിറ്റാൽ 4,000 രൂപ വരെ ഇടനിലക്കാർക്കു ലഭിക്കും. മികച്ച കമ്മീഷൻ കിട്ടുമെന്നതിനാൽ വിദ്യാർഥികൾ വരെ ഇതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നു.
കുട്ടി ഏജന്റുമാർ പെരുകുമ്പോഴും അധികൃതർക്കു മൗനമാണ്. കരുവഞ്ചാൽ, വായാട്ടുപറമ്പ് കവല, ആലക്കോട്, കാർത്തികപുരം, മണക്കടവ് ടൗണുകളിൽ ഹാൻസും വ്യാപകമായി ലഭ്യമാണ്. അരിച്ചാക്കിലും ഫ്രിഡ്ജ്, സോഡ ട്രേ എന്നിവിടങ്ങളിലുമെല്ലാമാണു ഹാൻസ് കച്ചവടക്കാർ എക്സൈസ് കാണാതെ ഒളിപ്പിച്ചുവയ്ക്കുന്നത്. പരിചയക്കാരായ ആളുകൾക്കു മാത്രമാണ് ഇവർ ഇതു നൽകൂ.
അഞ്ചു രൂപ മുതൽ പത്തു രൂപ വരെ കൊടുത്തു വാങ്ങുന്ന ഹാൻസ് 50 രൂപ വരെ വാങ്ങിയാണു വിൽക്കുന്നത്. ഹാൻസ് വിറ്റ് മാത്രം ഒരു ദിവസം 2000 രൂപ വരെ ലാഭം നേടുന്ന കച്ചവടക്കാറുണ്ട് ഈ മേഖലയിൽ. അന്യസംസ്ഥാന തൊഴിലാളികൾ മലയോരത്തു പെരുകിയതോടെയാണു ലഹരി മാഫിയ സജീവമായത്. അന്യസംസ്ഥാനക്കാർ കൂട്ടത്തോടെ എത്തിയാണു ഹാൻസ് വാങ്ങി മടങ്ങുന്നത്. ലഹരി വില്പനക്കെതിരേ പലർക്കും പ്രതികരിക്കണമെന്നുണ്ടെങ്കിലും വിവരം നൽകുന്നവർക്കു പിന്നീട് ഉണ്ടാകുന്ന ദുരവസ്ഥ പലരെയും ഇതിൽനിന്നും പിന്തിരിപ്പിക്കുകയാണ്.
ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ലഹരി വസ്തുക്കൾക്കായി എക്സൈസും പോലീസും അരയും തലയും മുറുക്കി പരിശോധന നടത്തുമ്പോഴും ലഹരി എത്തുന്ന വഴി ബോധപൂർവം മറക്കുകയാണ് അധികൃതർ. മലയോരത്തേക്ക് ലഹരി വസ്തുക്കൾ ചാക്കുകെട്ടുകളിലായി എത്തുന്നതു ചെമ്പേരി – പാണത്തൂർ – ചെറുപുഴ വഴിയാണ്. പ്രൈവറ്റ് വാഹനങ്ങളിൽ ആയിരക്കണക്കിന് ലഹരി പായ്ക്കറ്റുകളാണ് മലയോരത്തെത്തുന്നത്. മടിക്കേരിയിൽ നിന്നുമാണ് ഈ റൂട്ടിൽ ലഹരി വസ്തുക്കൾ എത്തുന്നത്.
ഈ റൂട്ടിൽ ഇടനിലക്കാർ ധാരാമുള്ളതും ഊടുവഴികൾ ഉള്ളതും ഇത്തരക്കാർക്ക് എളുപ്പമാണ്. മാത്രവുമല്ല ഈ വഴിയിലുള്ള ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധനയും ഇല്ല . ഈ അനുകൂല ഘടകങ്ങളെല്ലാം മലയോരത്തു ലഹരി മാഫിയ സജീവമാകാൻ കാരണമാകുകയാണ്.