കൊച്ചി: ഏഷ്യാ പസഫിക്ക് മേഖലയിൽ അതിർത്തി കടന്നുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ നഗരമായി ബംഗളൂരു. ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കസൾട്ടിംഗ് സ്ഥാപനമായ സിബിആർഇ സൗത്ത് ഏഷ്യ നടത്തിയ ഏഷ്യാ പസഫിക് ഇൻവെസ്റ്റർ ഇന്റൻഷൻസ് സർവെയിലാണ് കണ്ടെത്തൽ.
ആദ്യ ആർഇഐടി അവതരണവും സുതാര്യമായ വിപണനവും ഇന്ത്യയെ എപിഎസിയിലെ (അപാക്) ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ലക്ഷ്യങ്ങളിലൊന്നാക്കിയെന്നും സർവെ വെളിപ്പെടുത്തുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങളും വിപണിയിലെ അവസരങ്ങളുടെ വളർച്ചയുമാണ് ഈ ട്രെൻഡിന് കാരണമായത്.
ആഗോളതലത്തിൽ ഉണ്ടാക്കിയിട്ടുള്ള കീർത്തിയും നിരവധി രാജ്യാന്തര കോർപറേറ്റുകളുടെ കേന്ദ്രവും എന്ന നിലയ്ക്കാണ് ബംഗളൂരു ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതെന്നും നഗരത്തിലെ പ്രതിഭകളുടെ അടിത്തറയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഓഫീസ്, റീട്ടെയിൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്നും സിബിആർഇ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ചെയർമാനും സിഇഒയുമായ അൻഷുമാൻ മാഗസിൻ പറഞ്ഞു.