ചെങ്ങന്നൂർ: കഴിഞ്ഞ പ്രളയകാലത്ത് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള ഭാഗത്ത് രക്ഷകരായി എത്തിയ കടലിന്റെ മക്കൾക്ക് സഹായ ഹസ്തവുമായി ചെങ്ങന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്. രൂക്ഷമായ കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലെത്തി കണ്ട് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി.
തിരുവനന്തപുരം വലിയതുറ ഭാഗത്തെ മത്സ്യതൊഴിലാളികൾക്കാണ് ഭക്ഷണ സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഇന്നലെ വിതരണം ചെയ്തത്. പ്രളയകാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി നിരവധി പേർക്ക് രക്ഷകരായ മത്സ്യതൊഴിലാളികൾക്ക് ദുരിതം വരുന്പോൾ അവരെ സഹായിക്കേണ്ട ബാധ്യത ഉള്ളതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് ഇറങ്ങിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വരുണ്‍ മട്ടയ്ക്കൽ പറഞ്ഞു.
ഇന്നലെ രാവിലെ സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമവും പരിപാടിയുടെ ഉദ്ഘാടനവും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് നിർവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വരുണ്‍ മട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.വി.ജോണ്‍, ജോജി ചെറിയാൻ, ജോർജ് തോമസ്, കെ.ബി.യശോധരൻ, കെ.ഷിബുരാജൻ, സിബീസ് സജി, ഗോപു പുത്തൻമഠത്തിൽ, ജെയ്സണ്‍ ചാക്കോ, ലിജോ ജോസ്, രാഹുൽ മുളക്കുഴ, ജോയൽ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.