സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയമെന്ന് ഇന്റലിജന്‍സ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് വിശ്വാസികളിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ ലഭിക്കാതായെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനും നിയമസഭയുള്പ്പെടെയുള്ള തെരഞ്ഞെടുപ്പിനും മുന്നോടിയായി പരാജയത്തിന്റെ കാരണം കണ്ടെത്തി വീഴ്ചകള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തലും വിശദമായ റിപ്പോര്‍ട്ടും ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു തെരഞ്ഞെടുപ്പ് പരാജയ കാരണം ശബരിമലയാണെന്ന് വ്യക്തിമാക്കിയത്. അതേസമയം ഇന്റലിജന്‍സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ശബരിമല മാത്രമാണ് കാരണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
എല്‍ഡിഎഫിന്റെ പരാജയ കാരണങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകള്‍ക്കുശേഷം റിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് റേഞ്ചുകളില്‍ നിന്നായി വോട്ട്ചോര്‍ച്ച സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവിയ്ക്ക് കഴിഞ്ഞ ദിവസം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തരവകുപ്പിന് കൈമാറുമെന്നാണറിയുന്നത്.
ബൂത്ത് തലം മുതലുള്ള തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് തയാറാക്കാനായിരുന്നു എല്ലാ റേഞ്ചുകളിലേക്കും ലഭിച്ച നിര്‍ദേശം. വിവരശേഖരണം അതീവ രഹസ്യമായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ ബൂത്ത് തലം മുതല്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ടുകളും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ നേടിയ വോട്ടുകളും താരതമ്യം ചെയ്ത് എത്രവോട്ടുകള്‍ കുറഞ്ഞെന്ന് കണ്ടെത്തുകയായിരുന്നു.
വോട്ട് കുറയാനിടയാക്കിയ കാരണങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കാനും നിര്‍ദേശിച്ചിരുന്നു. പരാജയകാരണം സംബന്ധിച്ചു വോട്ടര്‍മാര്‍ക്കിടയിലുള്ള അഭിപ്രായം ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ശബരിമല വിഷയം മാത്രമാണ് വോട്ടുകുറയാനുള്ള കാരണമെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല പ്രശ്നവും കാരണമായെന്നായിരുന്നു എല്‍ഡിഎഫ് യോഗം വിലയിരുത്തിയത്. അതേസമയം ശബരിമലയുടെ പേരെടുത്ത് പറയാതെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് . ചിലരുടെ പ്രചാരണത്താല്‍ വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു.
പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ട് ചെയ്ത വിശ്വസികളില് ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയില്‍ സിപിഎം അവതരിപ്പിച്ച റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ തന്നെയാണ് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരിക്കുന്നത്.