തിരുവനന്തപുരം: കല്ലട ബസ്സിലെ പീഡനശ്രമത്തിൽ ആരോപണ വിധേയനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ബസിലെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്‍സനാണ് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
അരുണാചൽ പ്രദേശിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ സംസ്ഥാന മോട്ടോർ വാഹനവകുപ്പിന് ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ സാധിക്കില്ല. ചട്ടങ്ങൾ പാലിച്ചാണോ ബസുകൾ സർവീസ് നടത്തുന്നതെന്ന് കർശനമായി നീരീക്ഷിക്കുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസിൽ ഇന്ന് പുലർച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ് രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതേത്തുടർന്നു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു.
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം കഴിഞ്ഞു മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായിരിക്കുന്നത്.