വൈപ്പിൻ: രണ്ട് കിഡ്നികളും തകരാറിലായ സഹപ്രവർത്തകന്റെ ചികിത്സാ ഫണ്ടിലേക്ക് മാലിപ്പുറം വളപ്പിലെ ഓട്ടോ ഡ്രൈവർ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 40000 രൂപ. വളപ്പ് സ്റ്റാൻഡിലെ മുൻ ഓട്ടോ ഡ്രൈവർ ആയിരുന്നഎളങ്കുന്നപ്പുഴ കുറുപ്പശേരി ജെയ്സനുവേണ്ടിയാണ് കാരുണ്യയാത്ര നടത്തിയത്.
പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാൻജോ വർഗീസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 50000 രൂപ തികച്ച് നൽകാനാണ് തീരുമാനം. ഇതിനായി ചില ഓട്ടോകൾ ഇന്നും കാരുണ്യയാത്ര നടത്തുന്നുണ്ട്. മൊത്തം 35 ഓട്ടോകളാണ് പങ്കെടുത്തത്.
പങ്കെടുക്കാൻ പറ്റാതിരുന്ന ഓട്ടോ ഡ്രൈവർമാർ 500 രൂപ വീതം ഫണ്ടിലേക്ക് നൽകും. നാട്ടുകാരും യാത്രക്കാരും എല്ലാവരും തന്നെ നന്നായി സഹകരിച്ചതിനു സംയുക്ത യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി ഷിനോസ് എന്നിവർ നന്ദി അറിയിച്ചു. അടുത്ത ദിവസം നടത്തുന്ന ചടങ്ങിൽ പണം ഔദ്യോഗികമായി കൈമാറാനാണ് തീരുമാനം.